 
സാന്ത്വന സ്പർശം: പരാതികൾക്ക് പരിഹാരവുമായി മന്ത്രിമാർ
നെടുങ്കണ്ടം: പൊതു ജനങ്ങളുടെ പരാതികൾക്കും അപേക്ഷകൾക്കും നേരിട്ട് പരിഹാരം കാണുന്നതിനായി സർക്കാർ നടത്തുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. നെടുങ്കണ്ടം മിനിസിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സുപ്രധാനമായ ജനകീയ പരിപാടി സാന്ത്വനസ്പർശത്തിലൂടെ ജനങ്ങളുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. അനന്യമായ വികസന സംസ്‌കാരം കേരളത്തിൽ നടപ്പാക്കുകയാണ് ഈ സർക്കാർ; ഇതിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളും വികസന പാതയിലാണന്നും മന്ത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എംഎം മണി അദ്ധ്യക്ഷത വഹിച്ചു.
ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ അദാലത്തിൽ പരാതി പരിഹാരത്തിനായി ആയിരക്കണക്കിനാളുകളാണെത്തിയത്. പരാതികൾ മന്ത്രിമാരായ സി. രവീന്ദ്രനാഥും, എം.എം മണിയും നേരിട്ട് സ്വീകരിച്ചു. ചികിത്സാ സഹായം ഉൾപ്പെടെ തീർപ്പ് കൽപ്പിക്കാവുന്ന പരമാവധി പ്രശ്‌നങ്ങൾക്കും മന്ത്രിമാർ തീർപ്പുകൽപ്പിച്ചു. മന്ത്രിമാർക്കൊപ്പം ഇ എസ് ബിജിമോൾ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ എന്നിവരും പരാതികൾ കേട്ടു. ചികിത്സാ സഹായത്തിന് അപേക്ഷിച്ചതിൽ തീർപ്പ് കൽപ്പിക്കാവുന്ന പരമാവധി പേരുടെ പരാതികൾക്കും പരിഹാരം കണ്ടു.
റവന്യു, സർവേ, ഇലക്ട്രിസിറ്റി ബോർഡ്, തദ്ദേശ സ്വയം ഭരണം, കൃഷി , സിവിൽ സപ്ലൈസ് തുടങ്ങി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും അദാലത്തിൽ സജ്ജീകരിച്ചിരുന്നു. തിരക്ക് ഒഴിവാക്കുന്നതിനും വിശ്രമിക്കുന്നതിനുമായി സിവിൽ സ്റ്റേഷന്റെ അങ്കണത്തിൽ പ്രത്യേക പന്തൽ ഉണ്ടായിരുന്നു. കൂടാതെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള രജിസ്‌ട്രേഷന് വേണ്ടി പ്രത്യകം കൗണ്ടറുകളും അദാലത്തിൽ ഒരുക്കിയിരുന്നു.
ദേവികുളം താലൂക്ക്
അദാലത്ത് ഇന്ന്
സാന്ത്വന സ്പർശംദേവികുളം താലുക്ക് തല അദാലത്ത് ഇന്ന് അടിമാലി വിശ്വദീപ്തി സ്‌കൂളിലും, 18 ന് വ്യാഴാഴ്ച ഇടുക്കി, തൊടുപുഴ താലുക്ക്തല അദാലത്ത് വാഴത്തോപ്പ് സെന്റ് ജോർജ്ജ് പള്ളി പാരീഷ് ഹാളിലും നടത്തും.