 
നെടുങ്കണ്ടം: കട ബാദ്ധ്യതകൾ ഒഴിവാക്കി പട്ടയം തിരികെ ലഭിക്കുന്ന സന്തോഷത്തിലാണ് വണ്ടിപ്പെരിയാർ മൂങ്കിലാർ സ്വദേശിനി രാമലക്ഷ്മി. പോളിയോ ബാധിച്ച് വീൽ ചെയറിൽ ജീവിതം തള്ളി നീക്കുന്ന രാമലക്ഷ്മിയ്ക്ക് പണയം വെച്ച പട്ടയം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയാണ് സ്വാന്തന സ്പർശം പരാതി പരിഹാര അദാലത്ത് നൽകിയത്. സ്വയം തൊഴിലിന് വേണ്ടി പട്ടിക ജാതി വികസന കോർപ്പറേഷനിൽ പട്ടയം പണയപ്പെടുത്തി പണം കടം വാങ്ങിയിരുന്നു. എന്നാൽ പിതാവിന് കാൻസർ വന്നത് കൊണ്ട് സ്വയം തൊഴിൽ നടത്താൻ സാധിക്കാതെ പണയ തുക ചികിത്സ ആവശ്യത്തിന് ഉപയോഗിക്കേണ്ടി വന്നു. മാതാപിതാക്കൾ മരിച്ചതോടെ ബന്ധുക്കളുടെ സഹായത്താൽ ജീവിക്കുന്ന അമ്പത്താറുകാരിയ്ക്ക് പട്ടയം തിരികെയെടുക്കാനായില്ല. അദാലത്തിൽ വൈദ്യുതി മന്ത്രി എംഎം മണിയുടെ മുൻപാകെ പരാതി ബോധിപ്പിക്കുകയും മന്ത്രി കടങ്ങൾ എഴുതി തള്ളാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. സർക്കാർ നൽകുന്ന വികലാംഗ പെൻഷൻ ലഭിക്കുന്നത് കൊണ്ടാണ് ഇപ്പോൾ നിത്യവൃത്തി. ഏതെങ്കിലും സ്വയം തൊഴിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താൻ ആഗ്രഹം ഉണ്ടെന്നും രാമലക്ഷ്മി പറഞ്ഞു.