 
മൂന്നാർ: കേരളമിന്ന് ആഗോള വിനോദസഞ്ചാര ഭൂപടത്തിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യമായി മാറികഴിഞ്ഞുവെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാംഘട്ട വികസനമുൾപ്പെടെ സംസ്ഥാനത്തെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്നാറിന്റെ ടൂറിസം വികസനത്തിന് കൂടുതൽ കരുത്ത് പകരുന്ന പദ്ധതികൾക്കാണ് മൂന്നാറിൽ തുടക്കം കുറിച്ചിട്ടുള്ളത്. 3.5 കോടി രൂപയുടെ ബൊട്ടാണിക്കൽ ഗാർഡൻ രണ്ടാംഘട്ട വികസനവും 1.48 കോടി രൂപയുടെ വേൾഡ് ക്ലാസ് ടോയിലറ്റ് ബ്ലോക്ക് പദ്ധതിയും 99 ലക്ഷം രൂപയുടെ ബൊട്ടാണിക്കൽ ഗാർഡൻ അധിക സൗകര്യം ഏർപ്പെടുത്തലുമാണ് പുതിയ പദ്ധതികൾ. മൂന്നാറിൽ നടന്ന പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ സി. എ .കുര്യനും എസ് രാജേന്ദ്രൻ എംഎൽഎയും ചേർന്ന് പദ്ധതികളുടെ ശിലാഫലകം അനാശ്ചാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണി, പഞ്ചായത്തംഗങ്ങളായ റീന മുത്തുകുമാർ, പേച്ചിയയമ്മാൾ, രാജേന്ദ്രൻ, പി പഴനിവേൽ, ഡി ടി പി സി സെക്രട്ടറി പി എസ് ഗിരീഷ്, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.