ഇടുക്കി: ഉടുമ്പൻ ചോലയിൽ പുതുതായി ആരംഭിക്കുന്ന ആയുർവേദ മെഡിക്കൽ കോളേജിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. മന്ത്രി എം.എം. മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂർ എന്നീ 3 സർക്കാർ ആയുർവേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സർക്കാർ മേഖലയിലുള്ള ആയുർവേദ കോളേജാണ് ഇടുക്കി ഉടുമ്പൻചോലയിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഉടുമ്പൻചോലയിൽ 20.82 ഏക്കർ സ്ഥലമാണ് ആയുർവേദ മെഡിക്കൽ കോളേജിനായി സർക്കാർ അനുവദിച്ചത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലയ്‌ക്കെടുത്താണ് ഇടുക്കിയിൽ ആയുർവേദ മെഡിക്കൽ കോളേജ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുന്നത്. ഈ കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ ബജറ്റിൽ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റർപ്ലാൻ തയ്യാറാക്കി വരുന്നു. കോളേജിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ആശുപത്രിയിൽ എല്ലാ സ്‌പെഷ്യാലിറ്റി ചികിത്സകൾക്കുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം വി.എൻ .മോഹനൻ, തൃപ്പുണ്ണിത്തുറ ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ടി.ഡി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.