നെടുങ്കണ്ടം: ഏഴാമത് പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ മുൻഗണനയാണ് പട്ടയം നൽകുന്നതിൽ കാണിച്ചത്. രണ്ടു ലക്ഷത്തോളം പേർക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട്. ഇത് സർവകാല റെക്കോർഡാണ്. എന്നാലിതിൽ സർക്കാർ തൃപ്തരല്ലെന്നും ഇനിയും തുടർന്ന് പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടയമേളയ്ക്ക് അദ്ധ്യക്ഷത വഹിച്ചു റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
പ്രാദേശികമായി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി മന്ത്രി എം എം മണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ ചേർന്ന് പട്ടയങ്ങൾ നൽകി. ഉടുമ്പഞ്ചോല താലൂക്കിൽ നിന്നും ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ച പട്ടയം രാജൻ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങി.
ഇടുക്കിയിൽ ഇതുവരെ 35095 പേർക്കാണ് പട്ടയം നൽകിയത്. 6008 പട്ടയത്തിന്റെ നടപടികൾ പൂർത്തിയായി. അതിൽ നിന്ന് 3275 പേർക്കാണ് നെടുങ്കണ്ടത്ത് വെച്ച് പട്ടയം നൽകിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണ, ആർഡിഒ അനിൽ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.