പീരുമേട്: പരുന്തുംപാറയിൽ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. മൊട്ടക്കുന്നിലൂടെയുള്ള റോഡിൽ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു. അഞ്ച് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിക്കാനം സ്വദേശികളായ ഡയാന (28), ആൽവിൻ (54), അനിഷ (22) തമിഴ്‌നാട് സ്വദേശികളായ ജയപാൽ (43), ജോ അലക്‌സാണ്ടർ (43), ചാർലസ് (55), പ്രിത (47), മിനേക്ക (27) തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ പീരുമേട് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് സുരക്ഷാ മാർഗങ്ങൾ ഒന്നും പാലിക്കാതെ ഓഫ് റോഡ് ജീപ്പുകൾ നടത്തുന്ന സവാരിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്.