മറയൂർ: കാന്തല്ലൂർ വെട്ടുകാട്ടിൽ ചന്ദന വനാതിർത്തിയിലെ സംരക്ഷണവേലി തകർന്നത് വന്യമൃഗങ്ങൾ ജനവാസമേഖലയിൽ കടക്കുന്നതിന് കാരണമാകുന്നു. സംരക്ഷണ വേലി തകർന്ന് കിടക്കുന്ന ഈ ഭാഗത്തുകൂടി റോഡിലേക്കിറങ്ങുന്ന കാട്ട് പോത്ത്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങൾ കീഴാന്തൂർ, ആടിവയൽ, വെട്ടുകാട് തുടങ്ങിയ മേഖലകളിലെ കൃഷി പാടങ്ങളിൽ ഇറങ്ങി വ്യാപക നാശനഷ്ടമാണ് വരുത്തിവയ്ക്കുന്നത്. നിലവിൽ ആന ശല്യം ഇല്ലെങ്കിലും കാട്ട് പോത്ത് ശല്യം അതിരൂക്ഷമാണ്. റോഡിലിറങ്ങുന്ന കാട്ട്‌പോത്ത് യാത്രികരെ ആക്രമിക്കാൻ ശ്രമിക്കുന്നതും പതിവാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് സ്‌കൂട്ടർ യാത്രക്കാരിയെ കാട്ട് പോത്ത് ആക്രമണത്തിൽ നിന്ന് കാന്തല്ലൂർ സ്വദേശിയായ ലോറി ഡ്രൈവറാണ് രക്ഷപ്പെടുത്തിയത്. കൂടാതെ പകൽവേളകളിൽ പോലും കീഴാന്തൂർ ഭാഗത്തെ കാപ്പിത്തോട്ടങ്ങളിൽ കാട്ട്‌പോത്ത് തമ്പടിച്ചിരിക്കുന്നതിനാൽ പണിയെടുക്കാൻ പോലും പറമ്പുകളിൽ എത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഗ്രാമീണർ പറയുന്നു. തകർന്ന് കിടക്കുന്ന വേലിയുടെ ഈ ഭാഗത്തിലൂടെ മോഷ്ടാക്കൾക്ക് ചന്ദന വനത്തിനുള്ളിൽ കടക്കാനും എളുപ്പവഴിയാണ്.