തൊടുപുഴ: കൊവിഡ് മൂലം ബുദ്ധിമുട്ടുന്ന വ്യാപാരികൾക്ക് കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം കഴിഞ്ഞ വർഷത്തെ ലൈസൻസ് ഫീസ് പുതുക്കുന്നതിനുള്ള കാലാവധി നീട്ടിയിട്ടും ഭീമമായ തുക വ്യാപാരികളിൽനിന്നും പിഴഈടാക്കിയതായി മർച്ചന്റ്‌സ് അസോസിയേഷൻ . മുൻസിപ്പാലിറ്റിയുടെ നടപടിയെ ചോദ്യം ചെയ്യുന്ന വ്യാപാരികളോട് ധിക്കാരപരമായ സമീപനമാണ് മുനിസിപ്പൽ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.നിസ്സാര കാര്യങ്ങൾ പറഞ്ഞ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ അധികാരികൾ നിലക്ക് നിർത്തുകയും സർക്കാർ ഉത്തരവ് ധിക്കരിച്ചുകൊണ്ട് വാങ്ങിയിട്ടുള്ള അധിക തുക വ്യാപാരികൾക്ക് തിരിച്ചുനൽകുകയോ അല്ലെങ്കിൽ അടുത്ത ലൈസൻസ് ഫീസിൽ ഉൾപ്പെടുത്തുകയോ ചെയ്യണമെന്ന് സർക്കാരിനോടും മുനിസിപ്പൽ അധികാരികളോടും മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.സർക്കാരിന്റെയും മുനിസിപ്പൽ ഭരണസമിതിയുടെയും ഉത്തരവുകൾ കാറ്റിൽ പറത്തുന്ന രീതിയിലുള്ള ചില ഉദ്യോഗസ്ഥരുടെ സ്വയം പ്രഖ്യാപിത അജണ്ട നടപ്പിലാക്കുന്നത് അധികാരികൾ അവസാനിപ്പിച്ചട്ടില്ലെങ്കിൽ മർച്ചന്റ്‌സ് അസോസിയേഷൻ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് വ്യാപാരഭവനിൽ കൂടിയ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം മുന്നറിയിപ്പ് നൽകി. കൂടാതെ എല്ലാ വ്യാപാരികളും ഈ ഉത്തരവ് നടപ്പിലാക്കുന്നതുവരെ ലൈസൻസ് ഫീസ് കൊടുക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്ന് അസോസിയേഷൻ നിർദേശിച്ചു.