തുക അനുവദിച്ചത് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന്

തൊടുപുഴ: മുട്ടം, കരിങ്കുന്നം പഞ്ചായത്ത് പ്രദേശങ്ങളിലെ വിവിധ മേഖലകളിലുള്ള അതിരൂക്ഷമായ കുടിവെള്ള പ്രശ്ന പരിഹാരത്തിന് പി ജെ ജോസഫ് എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. മുട്ടം പഞ്ചായത്തിലെ മാത്തപ്പാറ പമ്പ് ഹൗസിൽ കേടായ മോട്ടോർ മാറ്റി സ്ഥാപിക്കാൻ 20 ലക്ഷം കരിങ്കുന്നം പഞ്ചായത്തിലെ പഴയമറ്റത്ത് മോട്ടോർ സ്ഥാപിക്കാൻ 15 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ധനവകുപ്പിൽ നിന്നുള്ള പ്രത്യേക അനുമതിയോടെയാണ് ഫണ്ട് അനുവദിച്ചതെന്ന് എം എൽ എ യുടെ ഓഫീസ് അറിയിച്ചു. മാത്തപ്പാറ കുടിവെള്ള പദ്ധതിയോട് അനുബന്ധിച്ചുള്ള രണ്ട് മോട്ടോറുകളിൽ ഒന്ന് ഏതാനും വർഷങ്ങളായി പ്രവർത്തന രഹിതമാണ്. ഇതേ തുടർന്ന് ഒരു മോട്ടോർ ഉപയോഗിച്ചാണ് ഇവിടെ പമ്പിംഗ് നടത്തിയിരുന്നത്. ലോഡ് കൂടുന്നതിനെ തുടർന്ന് ഈ മോട്ടോറും മോട്ടോറിനോടനുബന്ധിച്ചുള്ള സ്വിച്ച് യാർഡും ഇടയ്ക്കിടക്ക് പണിമുടക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്ന് മുട്ടം പ്രദേശത്ത് കുടിവെള്ളം പമ്പ് ചെയ്യുന്നതിന് തടസ്സമാവുകയും പ്രദേശത്ത് അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന അവസ്ഥയുമായിരുന്നു കഴിഞ്ഞ ഏതാനും വർഷമായി നിലനിന്നിരുന്നതും. കരിങ്കുന്നം പഞ്ചായത്തിലേക്ക് കുടിവെള്ളം പമ്പ് ചെയ്തിരുന്നതും മുട്ടം പമ്പ് ഹൗസിൽ നിന്നായിരുന്നു. പമ്പ് ഹൗസിലെ മോട്ടോർ കേടാകുന്നത് കരിങ്കുന്നം പഞ്ചായത്തിലേയും കുടിവെള്ള വിതരണം പതിവായി മുടങ്ങിയിരുന്നു. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പഞ്ചായത്തുകളിലേയും വിവിധ സംഘടനകൾ സമരവുമായി രംഗത്ത് വന്നിരുന്നു.