കുടയത്തൂർ: അധികൃതരുടെ നിസംഗതയിൽ അഞ്ച് ഹെക്ടറോളംസ്ഥലത്ത് മണൽ കുമിഞ്ഞ് കൂടിക്കിടക്കുന്നു. അടൂർമലയിൽ നിന്ന് മഴ വെള്ളത്തിൽ ഒലിച്ച് കോളപ്ര പാലത്തിന് സമീപത്ത് ചതുപ്പ് നിലത്ത് അടിഞ്ഞ് കൂടിയ മണലാണ് മലങ്കര അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇത് അണക്കെട്ടിന്റെ നിലനില്പിന് തന്നെ ഏറെ ഭീഷണിയുമാവുന്നുമുണ്ട്.40 വർഷമായി ഒഴുകിയെത്തുന്ന കിന്റൽ കണക്കിനുള്ള മണലാണ് ഇവിടെ അടിഞ്ഞ് കിടക്കുന്നത്. മണൽ ഒഴുകിയെത്തിയതിനെ തുടർന്ന് കോളപ്ര പാലത്തിന് സമീപത്ത് നീരൊഴുക്കുണ്ടായിരുന്ന തോട്നികന്നു പോവുകയും ചെയ്തു. മലങ്കര അണക്കെട്ടിൽ വെള്ളം നിറഞ്ഞതോടെ മണൽ ശേഖരം വെള്ളത്തിനടിയിലായി. പ്രളയത്തെ തുടർന്നും മറ്റ് സാങ്കേതിക കാരണങ്ങളാലും മണൽ ലഭ്യമില്ലാതെ സർക്കാരിന്റേയും സ്വകാര്യ മേഖലയിലേയും നിർമ്മാണ പ്രവർത്തികൾ പൂർണ്ണമായും സ്തംഭിച്ചിരുന്നു. ആവശ്യത്തിന് മണൽ ലഭ്യമില്ലാതെ കരിഞ്ചന്തയിൽ ഭീമമായ പണം മുടക്കിയാണ് ചിലയവസരങ്ങളിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്നതും. എന്നാൽ സർക്കാരിന്റയോ ഇതുമായി ബന്ധപ്പെട്ടുള്ള നിർമ്മിതി കേന്ദ്രത്തിന്റേയോ നേതൃത്വത്തിൽ ഇവിടെ അടിഞ്ഞ മണൽ സംഭരിക്കാനുള്ള സാദ്ധ്യതകളുമുണ്ടായിരുന്നു. ഇത്തരം നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് ലക്ഷങ്ങളുടെ ലാഭം കിട്ടുമായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളുടെ സ്തംഭനം ഒരു പരിധി വരെ കുറവ് വരുത്താനും സാധിച്ചേനെ. ഇത് സംബന്ധിച്ച് പ്രദേശവാസികൾ കുടയത്തൂർ പഞ്ചായത്ത്, വില്ലേജ്, മുട്ടം എം വി ഐ പി അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും ആയില്ല.