
കഴിഞ്ഞ വർഷം കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു മൂന്നാർ രാജമലയിലെ പെട്ടിമുടിയിൽ ഇരുളിന്റെ മറവിൽ ഇരച്ചെത്തിയ ഉരുൾ തോട്ടം തൊഴിലാളി ലയങ്ങളെ വിഴുങ്ങിയത്. ആഗസ്റ്റ് ആറിന് രാത്രി 10.45നുണ്ടായ സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ 82 പേരാണ് അകപ്പെട്ടത്. വാർത്താവിനിമയ സംവിധാനങ്ങൾ പോലും നിശ്ചലമായിരുന്നതിനാൽ ദുരന്തം പുറംലോകമറിയാൻ വൈകി. പിറ്റേന്ന് രാവിലെ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട മറ്റ് തൊഴിലാളി ലയങ്ങളിലുള്ളവരാണ് ആദ്യം ഈ വിവരം പുറംലോകത്തെ അറിയിച്ചത്. പിന്നീട് നടന്നത് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു. കനത്ത മഴയിലും പ്രതികൂല സാഹചര്യത്തിലും മനുഷ്യസാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് മൂന്നാഴ്ചയോളം നീണ്ട തിരച്ചിലിൽ 66 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുമുണ്ട്.
ഈ ദുരന്തത്തിന് തൊട്ടുപിന്നാലെയായിരുന്നു കരിപ്പൂർ വിമാനാപകടവും ഉണ്ടായത്. പെട്ടിമുടി ദുരന്തത്തിലകപ്പെട്ടവർക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചപ്പോൾ വിമാനപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകാനുള്ള സർക്കാർ തീരുമാനം വിവാദത്തിലായിരുന്നു. തമിഴ്‌വംശജരായ തോട്ടംതൊഴിലാളികളോടുള്ള വിവേചനമാണിതെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ നഷ്ടപരിഹാരതുകയിൽ മാത്രം ഒതുങ്ങുന്നതല്ല ദുരിതാശ്വാസമെന്നായിരുന്നു സർക്കാർ പറഞ്ഞത്.
ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിലും കവളപ്പാറയിലും സർക്കാർ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തിയതുപോലെ തന്നെ പെട്ടിമുടിയിലും സ്വീകരിക്കുമെന്നാണ് പെട്ടിമുടി സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഈ കുടുംബങ്ങൾക്കാകെ പുതിയ വീട് നിർമ്മിച്ചു നൽകും. കുട്ടികളുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. രക്ഷപ്പെട്ടവരുടെ ചികിത്സാ ചെലവ് സർക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത് ദുരന്തമുണ്ടാകുമ്പോഴും പറയാറുള്ളതുപോലെ വെറും വാഗ്ദാനം മാത്രമാകുമിതെന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ ദുരന്തമുണ്ടായി 85 ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ മൂന്നാറിനടുത്ത് കുറ്റിയാർവാലിയിൽ അർഹരായ എട്ട് കുടുംബങ്ങൾക്ക് സർക്കാർ അമ്പത് സെന്റ് ഭൂമി നൽകി. വീടിനുള്ള തറക്കല്ലിടൽ മന്ത്രി എം.എം. മണി നിർവഹിച്ചു. കണ്ണൻ ദേവൻ പ്ലാന്റേഷൻ കമ്പനിയാണ് അഞ്ച് സെന്റ് സ്ഥലത്ത് ഓരോ വീട് വീതം നിർമിച്ച് നൽകാൻ തയ്യാറായത്. ഇതിനിടെ ജനുവരി ഒമ്പതിന് ദുരന്തബാധിതർക്ക് സർക്കാർ വാഗ്ദാനം ചെയ്ത ധനസഹായം നൽകി. മരിച്ച 39 പേരുടെ അവകാശികളായ 81 പേർക്കായി 1.95 കോടി രൂപയാണ് വിതരണം ചെയ്തത്. ഇക്കഴിഞ്ഞ 14ന് അതായത് വീട് നിർമാണം ആരംഭിച്ച് നൂറാം ദിവസം വീടിന്റെ താക്കോൽ ദുരന്തബാധിതർക്ക് കൈമാറി.
ദുരന്തത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട ശരണ്യ അന്നലക്ഷ്മി, സരസ്വതി, സീതാലക്ഷ്മി, ദീപൻ ചക്രവർത്തി പളനിയമ്മ, ഹേമലത ഗോപിക, കറുപ്പായി, മുരുകേശ്വരി, മാലയമ്മാൾ എന്നിവർക്കാണ് വീട് ലഭിച്ചത്. രണ്ട് കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയും വരാന്തയും അടങ്ങുന്നതാണ് 550 സ്‌ക്വയർഫീറ്റുള്ള വീട്. ഇവിടേക്ക് റോഡും വൈദ്യുതിയും കുടിവെള്ള സൗകര്യവുമെല്ലാമുണ്ട്. മാത്രമല്ല തൊഴിലാളികൾക്ക് ഇവിടത്തെ തോട്ടങ്ങളിൽ ജോലി നൽകാമെന്നും കണ്ണൻദേവൻ കമ്പനി അറിയിച്ചിട്ടുണ്ട്. കുറ്റിയാർവാലിയിലെത്തി മന്ത്രി എം.എം. മണിയാണ് വീടിന്റെ താക്കോൽ കൈമാറിയത്. താക്കോൽദാനത്തിന്റെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഓൺലൈനായി നിർവഹിച്ചു. പ്റഖ്യാപിച്ച കാര്യങ്ങൾ കൃത്യ സമയത്ത് തന്നെ പ്രാവർത്തികമാക്കിയ ജില്ലാ ഭരണകൂടത്തെയും സർക്കാരിനെയും ഇക്കാര്യത്തിൽ അഭിനന്ദിക്കാതെ തരമില്ല.
അതേസമയം കണ്ണൻദേവൻ ഹില്ലിൽ ടാറ്റയുടെ കൈവശം നൂറുകണക്കിന് ഏക്കർ മിച്ചഭൂമിയുള്ളപ്പോഴാണ് പെട്ടിമുടി ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് 32 കിലോമീറ്റർ അകലെ കുറ്റിയാർവാലിയിലെ മലമ്പ്രദേശത്ത് വീട് നിർമിച്ച് നൽകിയതെന്ന് ആക്ഷേപമുയരുന്നുണ്ട്. ഇവിടെയും ഉരുൾപൊട്ടൽ ഭീഷണിയുണ്ടത്രേ.
കണ്ണൻദേവൻ ഹില്ലിൽ ടാറ്റയുടെ കൈവശമുള്ള മിച്ചഭൂമി പിടിച്ചെടുത്ത് പെട്ടിമുടി ദുരന്തത്തിനിരയായ കുടുംബങ്ങൾക്കും ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്കും നൽകണമെന്ന് ആവശ്യപ്പെട്ട് പെട്ടിമുടിയിലെ നയമക്കാട് എസ്റ്റേറ്റിലെ ഷൺമുഖനാഥൻ ഉൾപ്പെടെ ഒമ്പതുപേർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. കണ്ണൻ ദേവൻ ഹില്ലിലെ മിച്ചഭൂമിയിൽ തോട്ടം തൊഴിലാളികളടക്കമുള്ള ഭൂരഹിതർക്ക് വീടുവെച്ചു നൽകാൻ ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018ൽ സർക്കാർ ഉത്തരവിട്ടിരുന്നു. രണ്ടരവർഷം കഴിഞ്ഞിട്ടും ഈ ഉത്തരവു നടപ്പാക്കിയില്ലെന്നും നടപ്പാക്കിയിരുന്നെങ്കിൽ പെട്ടിമുടി ദുരന്തത്തിൽ 70 പേർ മരിക്കില്ലായിരുന്നെന്നും ഹർജിയിൽ പറയുന്നു.
19,000 ഏക്കർ മിച്ചഭൂമി കൈവശം വച്ചിട്ടാണ് തോട്ടം തൊഴിലാളികൾക്ക് ഒരിഞ്ചുഭൂമിപോലും കണ്ണൻദേവൻ കമ്പനിയും ടാറ്റയും നൽകാത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവിടെ 350 കുടുംബങ്ങൾക്കായി 220 ഏക്കർ ഭൂമി പതിച്ചുനൽകണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. 15 ഏക്കറിലധികം കൈവശം വയ്ക്കാൻ നിയമപരമായി കഴിയില്ലെന്നിരിക്കെ കേരള ഭൂ പരിഷ്‌കരണനിയമത്തിൽ ഇളവുനേടിയാണ് 58769 ഏക്കർ ഭൂമി കണ്ണൻദേവൻ കൈവശം വച്ചിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു.