തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ മാർച്ച് 15, 16 തീയതികളിൽ പണിമുടക്കും. പണിമുടക്കിനു മുന്നോടിയായി വിവിധ പ്രചരണ പരിപാടികൾ ജില്ലയിൽ നടത്താൻ തൊടുപുഴയിൽ ചേർന്ന യുണൈറ്റഡ് ഫോറം ഒഫ്‌ ബാങ്ക് യൂണിയൻസ് ജില്ലാതല യോഗം തീരുമാനിച്ചു. നാളെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തും. മാർച്ച് ഒന്നിന് പ്രതിഷേധ ദിനമായി ആചരിക്കും. രണ്ടിന് തൊടുപുഴയിൽ പ്രതിഷേധ ധർണ നടത്തും. 12ന് ബാഡ്ജ് ധാരണവും പ്രതിഷേധ റാലിയും നടത്തും. പണിമുടക്ക് ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണയും പ്രകടനവും നടത്താനും യോഗം തീരുമാനിച്ചു. തൊടുപുഴ എ.ഐ.ബി.ഇ.എ ഭവനിൽ ചേർന്ന യു.എഫ്.ബി.യു യോഗത്തിൽ കൺവീനർ നഹാസ് പി. സലീം അദ്ധ്യക്ഷനായിരുന്നു. എബിൻ ജോസ്, കൃഷ്ണ ഹരി എ.ബി. (എ.ഐ.ബി.ഇ.എ), അനിൽ എ.എസ്, അനിൽകുമാർ എസ് (എൻ.സി.ബി.ഇ), സനിൽ ബാബു എൻ, സിജോ എസ് (ബെഫി) എന്നിവർ സംസാരിച്ചു.