തൊടുപുഴ: വിദ്യാലയങ്ങളിലോ സ്‌കൂൾ കളിക്കളങ്ങളിലോ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ആശുപത്രിയിൽ എത്തിക്കുന്നതിനെയും അടിയന്തര ചികിത്സ നൽകുന്നതിനെയുംക്കുറിച്ച് ഇപ്പോഴും അധികൃതർക്ക് വ്യക്തതയില്ല. അപകടത്തിൽ പരിക്കേൽക്കുന്ന കുട്ടികൾ പലപ്പോഴും കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിൽ വിവരാവകാശ നിയമ പ്രകാരം ജില്ലയിലെ സർക്കാർ സ്‌കൂൾ അധികൃതരോടും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോടും ഉന്നയിച്ച ചോദ്യങ്ങൾക്ക് ലഭിച്ച മറുപടിയിലാണ് ആശയക്കുഴപ്പമുള്ളത്. പിന്നാക്ക മേഖലയായ തങ്കമണി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർക്ക് വിവരാവകാശ പ്രകാരം നൽകിയ ചോദ്യത്തിന് നൽകിയ മറുപടിയിൽ വിദ്യാർത്ഥികൾക്ക് അപകടമോ രോഗമോ ഉണ്ടായാൽ ആശുപത്രിയിൽ എത്തിക്കേണ്ട ഉത്തരവാദിത്വം അദ്ധ്യാപക രക്ഷകർതൃ സമിതിക്കാണെന്നാണ് വ്യക്തമാക്കിയത്. കൂടാതെ അടിയന്തരമായി ആശുപത്രിയിൽ പണമടയ്ക്കേണ്ടി വന്നാൽ സ്‌കൂൾ സുരക്ഷാ സമിതിയാണ് ഈ തുക വഹിക്കേണ്ടതെന്നും ഉത്തരത്തിൽ പറയുന്നു. എന്നാൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ മറുപടിയിൽ ആശുപത്രിയിൽ എത്തിക്കേണ്ടതും പണമടയ്‌ക്കേണ്ട ഉത്തരവാദിത്വവും സ്‌കൂൾ അധികൃതർക്കാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർത്ഥിയ്ക്ക് ഗുരുതരമായി പരിക്കേറ്റാൽ സൗജന്യ അപകട ഇൻഷുറൻസ് പദ്ധതി പ്രകാരം 10000 രൂപ ലഭിക്കാൻ അർഹതയുണ്ടെന്നും പറയുന്നു.
വിവരാവകാശ പ്രവർത്തകനായ ടോം തോമസ് പൂച്ചാലിലാണ് ഇടുക്കി പോലെയുള്ള പിന്നാക്ക മേഖലകളിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ കുട്ടികൾക്ക് അപകടമുണ്ടായാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ആരാഞ്ഞ് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിവരങ്ങൾ തേടിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ സ്‌കൂളിലോ പരിസരങ്ങളിലോ കുട്ടികൾക്ക് അപകടമുണ്ടായാൽ ജീവൻ അപകടത്തിലാകാതെ സ്വീകരിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് സ്‌കൂൾ അധികൃതർക്ക് ഇപ്പോഴും കൃത്യമായ വിവരമില്ലെന്നാണ് മറുപടിയിൽ നിന്ന് വ്യക്തമാകുന്നത്.
അഫീലുമാർ ആവർത്തിക്കരുത്
പാലായിൽ നടന്ന കോട്ടയം ജില്ലാ സ്‌കൂൾ കായിക മേളക്കിടയിൽ വിദ്യാർത്ഥിയായ അഫീൽ ജോൺസൺ തലയിൽ ഹാമർ വീണ് മരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അഫീൽ മരണത്തിന് കീഴടങ്ങിയത്. തലയ്‌ക്കേറ്റ മാരക പരിക്കായിരുന്നു മരണകാരണം. എന്നാൽ തലയുടെ ക്ഷതത്തിന് വിദഗ്ദ്ധ ചികിൽസ ലഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിൽസ നൽകിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നെന്ന് അഫീലിന്റെ രക്ഷിതാക്കൾ ആരോപിച്ചിരുന്നു. 2019 നവംബർ 21ന് സുൽത്താൻബത്തേരി ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റതിനെ തുടർന്ന് അടിയന്തര ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു.