തൊടുപുഴ: തൊടുപുഴ ടൗണിലെ നാലു റോഡുകൾ ആധുനിക നിലവാരത്തിൽ പുനർ നിർമ്മാണം പൂർത്തീകരിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. വെങ്ങല്ലൂർ- കോലാനി റോഡ് മൂന്നു കോടി രൂപ മുതൽ മുടക്കിയാണ് ബിഎം. ആന്റ് ബിസി നിലവാരത്തിൽ റീടാറിംഗ് നടത്തിയത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റേഷന് ചേർന്ന് സ്ഥിതി ചെയ്യുന്ന ഐ.എം.എ റോഡ് ടൈലിട്ട് ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചു. ഇതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചു. തൊടുപുഴ തെനംകുന്ന്- ഇറക്കുംപുഴ ബൈപാസ് ബി.എം & ബി.സി നിലവാരത്തിൽ പുനർ നിർമ്മിച്ചു. 90 ലക്ഷം രൂപയാണ് ഇതിന് ചിലവഴിച്ചത്. മാരിയിൽകലുങ്ക്- ചുങ്കം റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ റീടാറിംഗ് നടത്തുകയും ടൈൽ വിരിക്കുകയും ചെയ്തു. ഇതിന് 90 ലക്ഷം രൂപ ചെലവഴിച്ചു. തൊടുപുഴ- കാഞ്ഞിരമറ്റം അമ്പലം റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിൽ ടാറിംഗ് വൈകാതെ ആരംഭിക്കും. തൊടുപുഴ ടൗണിലെ ബാക്കി മെയിൻ റോഡുകൾ റീടാറിംഗ് നടത്തുന്നതിന് ആറു കോടി രൂപയുടെ ഭരണാനുമതിയ്ക്കായി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ളതായും ജോസഫ് അറിയിച്ചു.