
ശാന്തൻപാറ: ഗവൺമെന്റ ആർട്‌സ് ആന്റ് സയൻസ് കോളേജിനായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമ്മം മന്ത്രി എം.എം മണി നിർവ്വഹിച്ചു. പൂപ്പാറ വില്ലേജിൽപെട്ട 3 എക്കർ 43 സെന്റ് സ്ഥലത്താണ് കോളേജ് നിർമ്മിക്കുന്നത്. 2018 ഓഗസ്റ്റ് 18നാണ് കോളേജ് അനുവദിച്ചത്. നിലവിൽ ബി.എ ഇംഗ്ലീഷ്, ബികോം, ബി എസ് സി മാത്തമാറ്റിക്‌സ് ബിരുദ കോഴ്‌സുകളിലായി 245 വിദ്യാർത്ഥികളുണ്ട്. ഈ വർഷം എം.കോം ഫിനാൻസ് ആന്റ് ടാക്‌സേഷൻ ബിരുദാനന്തര ബിരുദ കോഴ്‌സിന് 20 സീറ്റുകളും അനുവദിച്ചിട്ടുണ്ട്. കോളേജ് നിർമ്മാണത്തിന് 10 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
എസ്റ്റേറ്റ് പൂപ്പാറ ജംഗ്ഷനിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ ഷൈൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാർ, രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനു, രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പാൾ ജോബിൻ സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌പോൺസറിംഗ് കമ്മിറ്റി ചെയർമാൻ സേനാപതി ശശി സ്വാഗതവും ലിജു വർഗീസ് നന്ദിയും രേഖപ്പെടുത്തി.