ചെറുതോണി: 60 വയസ് കഴിഞ്ഞ കർഷകർക്കും കർഷകതൊഴിലാളികൾക്കും നൽകിവരുന്ന പെൻഷൻ 5000 രൂപയാക്കി ഉയർത്തണമെന്ന് കേരള കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.വർഷങ്ങളായി കർഷകതൊഴിലാളിയായി ജോലി ചെയ്തവരും തൊഴിലുറപ്പ് തൊഴിലുകൾക്ക് പോകുന്നവരുമായവർ പെൻഷന് അപേക്ഷ നൽകുമ്പോൾ ആരുടെ കീഴിലാണ് ജോലി ചെയ്തിരുന്നതെന്ന പേര് വിവരങ്ങളോടൊപ്പം അവരുടെ ആധാർ രേഖകൾ കൂടി ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണം. ആധാർ കാർഡ് പകർപ്പുകൾ നൽകാൻ കർഷകർ തയ്യാറാകാത്ത അവസ്ഥയാണുള്ളത്. അതിനാൽ ക്ഷേമനിധിയിൽ അംഗങ്ങളായവർക്കെല്ലാം പെൻഷൻ ലഭ്യമാക്കണമെന്നും കർഷക തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മാത്യു കൈച്ചിറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. പി.വൈ.ജോസഫ്, ജെയിംസ് പുത്തേട്ട് പടവിൽ, ടോമി ജോർജ്ജ്, ജോയി പെരുവന്താനം, എ.ഡി.മാത്യു, സ്റ്റീഫൻ കണ്ടത്തിൽ, ബാബു കീച്ചേരി, കെ.പി. അബ്ദുൾഖാദർ, ഒ.എസ്.മണി, തങ്കച്ചൻ കുന്നപ്പള്ളി, ജോളി ജോയി, ബിൻസി റോബി തുടങ്ങിയവർ പ്രസംഗിച്ചു.