ഇടുക്കി: വാഴത്തോപ്പ് സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ഇടുക്കി ,തൊടുപുഴ താലൂക്ക് അദാലത്തിൽ ചികിത്സാ സഹായം തേടി നിരവധി പേരാണ് എത്തിയത്. അദാലത്ത് ആരംഭിച്ച് അര മണിക്കുറിനുള്ളിൽ ഇടുക്കി പൊലീസ് സബ് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനത്തിന് വേദിയിൽ നിന്നിറങ്ങിയ മന്ത്രി എം.എം മണി ചക്ര കസേരയിലെത്തിയ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷകൾ നേരിട്ട് കൈപറ്റി അർഹമായ സഹായം അനുവദിക്കുമെന്ന് ഉറപ്പ് നൽകി . റവന്യു, തദ്ദേശ സ്വയം ഭരണം, കൃഷി , സാമുഹ്യ നീതി, ഭക്ഷ്യ പൊതുവിതരം തുടങ്ങി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും അദാലത്തിൽ സജ്ജീകരിച്ചിരുന്നു. മന്ത്രിമാർക്കൊപ്പം റോഷി അഗസ്റ്റ്യൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, എന്നിവരും പരാതികൾ പരിഗണിച്ചു.

പ്രദീപിനും ബന്ധു മോഹനനും സർക്കാരിന്റെ കൈത്താങ്ങ്

നട്ടെല്ലിന് ക്ഷതമേറ്റ് പത്ത് വർഷമായി ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരൻ പ്രദീപിന് സർക്കാരിന്റെ കരുതൽ. ചികിത്സ സഹായത്തിനു അപേക്ഷ വെച്ച പ്രദീപിനും കാലിന് സ്വാധീനകുറവുള്ള ബന്ധു മോഹനനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക അനുവദിച്ചു.കൊന്നത്തടി ഇഞ്ചപതാൽ സ്വദേശിയായ പ്രദീപിന് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന പ്രദീപിനു പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്.
ഇനിയും തുടർ ചികിത്സയ്ക്ക് വലിയ തുകകൾ ആവശ്യമുണ്ട്. സർക്കാർ ഞങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീക്ഷയിൽ അവർ അദാലത്തിൽ നിന്ന് സംതൃപ്തരായി മടങ്ങി.