മുട്ടം: നിയമ വിരുദ്ധ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ക്വാറിയിൽ മുട്ടം പൊലീസ് റെയ്ഡ് നടത്തി. മുട്ടം വൈദ്യുതി സബ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ നിയമ വിരുദ്ധ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതായി തൊടുപുഴ ഡി വൈ എസ് പി ടി .രാജപ്പന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ക്വാറിയിൽ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് 48 ജലാറ്റിൻ സ്റ്റിക്കും 40 ഡിറ്റനേറ്ററുകളും പിടിച്ചെടുത്തു.ക്വാറി നടത്തിപ്പുകാരനായ തടിയമ്പാട് വിമലഗിരിക്കരയിൽ വലൂമറ്റത്തിൽ നന്ദകുമാറിന്റെ പേരിൽ സ്ഫോട നിരോധന നിയമ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ക്വാറി അടച്ച് പൂട്ടാൻ നിർദ്ദേശം നൽകുകയും ചെയ്തു. ക്വാറിയിൽ ഉപയോഗിച്ചിരുന്ന നാല് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. മുട്ടം സി .ഐ വി ശിവകുമാർ, എസ് .ഐ മുഹമ്മദ് ബഷീർ, എ .എസ് ഐ മാരായ സന്തോഷ്, ഖാദർ, എസ് സി പി ഒ മാരായ അബ്ദുൽ റെഷീദ്, ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള റെയ്ഡുകൾ തുടരുമെന്നും മുട്ടം സി ഐ വി ശിവകുമാർ പറഞ്ഞു.