എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് തൊടുപുഴയിൽ ഉജ്ജ്വല സ്വീകരണം
തൊടുപുഴ: മലയോര ജനത ഹൃദയത്തിലേറ്റിയ എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് രണ്ടാദിനം തൊടുപുഴയിൽ വൻജനാവലിയുടെ ആവേശകരമായ സ്വീകരണം. കടുത്ത വെയിലിനെ അവഗണിച്ച് ആയിരക്കണക്കിന് ജനങ്ങളാണ് തൊടുപുഴ നഗരത്തിൽ ജാഥയെ വരവേൽക്കാനായി തടിച്ചുകൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജാഥയിലുടനീളം നേതാക്കൾ എൽ.ഡി.എഫ് സർക്കാരിന്റെ വികസനനേട്ടങ്ങളും ജനക്ഷേമപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടി 17ന് ജില്ലയിൽ പ്രവേശിച്ച ജാഥ അടിമാലിയിൽ ആരംഭിച്ച് നെടുങ്കണ്ടം, കട്ടപ്പന, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലും പര്യടനം പൂർത്തിയാക്കിയാണ് തൊടുപുഴയിലെത്തിയത്. ജാഥ ക്യാപ്ടൻ ബിനോയ് വിശ്വത്തെ തുറന്ന ജീപ്പിൽ വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രമായ മുൻസിപ്പൽ മൈതാനത്തേക്ക് എത്തിച്ചത്. എല്ലാവരുടെയും കണ്ണുകളിൽ നിഴലിക്കുന്നത് ഇടതുപക്ഷത്തിലുള്ള പ്രതീക്ഷയും വിശ്വാസവുമാണെന്ന് സ്വീകരണമേറ്റുവാങ്ങി ജാഥാ ക്യാപ്ടനായ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയി വിശ്വം എം.പി പറഞ്ഞു. യു.ഡി.എഫ് വാഴ്ചയ്ക്ക് അന്ത്യം കുറിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇടതുപക്ഷം എന്നും ജനങ്ങൾക്ക് മുന്നിൽ തല കുനിക്കും. മറ്റൊരു ശക്തിക്ക് മുന്നിലും തലകുനിക്കില്ല. കേരളത്തിന് ഇക്കുറി ഒരു തുടർഭരണം വേണം. നേരത്തെ ഇന്ന് എൽ.ഡി.എഫ് എങ്കിൽ നാളെ യു.ഡി.എഫ് ആയിരുന്നു. എന്നാൽ ഇക്കുറി ഇന്നും നാളെയും എൽ.ഡി.എഫ് ആയിരിക്കും. ബി.ജെ.പിയും കോൺഗ്രസും ഒന്നാണ്. ഒരു വർഷം രണ്ട് കോടി പേർക്ക് ജോലി വാഗ്ദാനം ചെയ്ത് കേന്ദ്രത്തിൽ അധികാരത്തിലേറിയ ബി.ജെ.പിക്ക് വോട്ട് ചെയ്തവർക്കെല്ലാം പണി കിട്ടി, പക്ഷേ, ജോലി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥാംഗങ്ങളായ എം.വി. ഗോവിന്ദൻ മാസ്റ്റർ, മാത്യൂസ് കോലഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ വി.വി. മത്തായി സ്വാഗതം ആശംസിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരി, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, സംസ്ഥാന ഹൈപവർ കമ്മിറ്റി അംഗം കെ.ഐ. ആന്റണി, എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൻ, കോൺഗ്രസ് എസ് ജില്ലാ സെക്രട്ടറി അബ്ദുൽ കരീം, കേരള കോൺഗ്രസ് സ്‌കറിയാ വിഭാഗം ജില്ലാ സെക്രട്ടറി ജയകൃഷ്ണൻ, കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പോൾസൺ മാത്യു, സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി, സി.പി.എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസൽ എന്നിവർ പങ്കെടുത്തു.
ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടണം: ഗോവിന്ദൻ മാസ്റ്റർ
ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടകാരിയെന്ന് ചൂണ്ടിക്കൊട്ടുമ്പോൾ തന്നെ ന്യൂനപക്ഷ വർഗീയതയെയും എതിർക്കപ്പെടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഹിന്ദു വർഗീയവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ് മുസ്ലിം വർഗീയവാദം. ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷത്തിൽ ആർ.എസ്.എസ് ഉള്ളതുപോലെ ന്യൂനപക്ഷത്തിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും തികഞ്ഞ മതലമൗലിക വാദ വർഗീയ നിലപാട് സ്വീകരിക്കുന്ന വിഭാഗമാണ്. വർഗീയ ശക്തികൾ പരസ്പരം ഏറ്റുമുട്ടിയാൽ ആരും തോൽക്കുകയോ ജയിക്കുകയോ ഇല്ല. പരസ്പരം ശക്തിപ്പെടുകയാണ് ചെയ്യുക. അതുകൊണ്ടാണ് ഇടതുപക്ഷം ഇവർ പരസ്പരം ഏറ്റുമുട്ടാൻ അനുവദിക്കരുതെന്ന് പറയുന്നത്. ന്യൂനപക്ഷ സംരക്ഷണം ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. എന്നുവച്ച് ഭൂരിപക്ഷ ജനവിഭാഗത്തോട് ശത്രുതാപരമായി നിലപാട് സ്വീകരിക്കുമെന്നല്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണിത്. കേരളത്തിൽ പൗരത്വ നിയമം നടപ്പിലാക്കാൻ മനസില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞു. യു.ഡി.എഫ് അവസാനിച്ചു പോയ ഗെയിൽ പദ്ധതിയും ഇലക്ട്രിക് ലൈനും ഈ സർക്കാർ പൂർത്തിയാക്കി. ദേശീയപാതാ വികസനവുമായി മുന്നോട്ടുപോവുകയാണ്. 1000 റോഡുകളുടെ ഉദ്ഘാടനമായിരുന്നു ഇന്നലെ. കിഫ്ബിയുടെ ഭാഗമായി ആയിരം പദ്ധതികളാണ് പൂർത്തിയാകുന്നത്. കൊവിഡ് കാലത്ത് ജനങ്ങളോട് പിണിറായി വിജയനെ പോലെ സംവദിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ വേറെ ഇല്ല. ഒരു കാര്യം തീരുമാനിച്ചാൽ ആ തീരുമാനം നടപ്പിലാക്കിയിരിക്കുമെന്ന ഗാരന്റിയുടെ പേരാണ് പിണറായിയെന്ന് അദ്ദേഹത്തെ എതിർക്കുന്നവർ പോലും സമ്മതിക്കുമെന്നും അദ്ദേഹം പറഞ്ഞു