കുമളി: ഒരു വർഷത്തിന് ശേഷം മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. കേന്ദ്ര ജലക്കമ്മിഷൻ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ചെയർമാനായ മൂന്നംഗ ഉന്നതാധികാര സമിതിയാണ് അണക്കെട്ടിലെത്തുന്നത്. അണക്കെട്ട് ബലപ്പെടുത്താനുള്ള തമിഴ്‌നാടിന്റെ അപേക്ഷയും ഷട്ടർ പ്രവർത്തന മാർഗരേഖ വേണമെന്ന കേരളത്തിന്റെ ആവശ്യവും സന്ദർശനത്തിൽ പരിഗണിക്കും. അണക്കെട്ടിലേക്ക് റോഡ് നിർമിക്കുന്നതിനുള്ള അപേക്ഷയും തമിഴ്‌നാട് യോഗത്തിൽ ഉന്നയിച്ചേക്കും. തേക്കടിയിൽ നിന്ന് ബോട്ട് മാർഗമാകും സമിതിയംഗങ്ങൾ അണക്കെട്ടിലേയ്ക്ക് പോവുക. പരിശോധനകൾക്ക് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാർ ആഫീസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. കേരള പ്രതിനിധി ടി.കെ. ജോസ്, തമിഴ്‌നാട് പ്രതിനിധി മണിവാസകം എന്നിവരും സന്ദർശനത്തിൽ പങ്കെടുക്കും. കഴിഞ്ഞമാസം ഉപസമിതി അണക്കെട്ട് സന്ദർശിച്ചിരുന്നു. 19 വർഷത്തിന് ശേഷം വനത്തിലൂടെ കേബിൾ സ്ഥാപിച്ച് അടുത്തിടെ ഡാമിൽ കേരളം വൈദ്യുതി കണക്ഷൻ നൽകിയിരുന്നു. തമിഴ്‌നാടിന്റെ ആവശ്യങ്ങൾക്കൊപ്പം കേരള ജനതയുടെ സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 129 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്.