തൊടുപുഴ: സമയബന്ധിതമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് സർക്കാരിന്റെ പരാജയമാണെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചൻ പറഞ്ഞു. പി.എസ്.സി വെറും പരീക്ഷാ നടത്തിപ്പ് കേന്ദ്രമായി മാറിപ്പോയത് സർക്കാരിന്റെ രാഷ്ട്രീയാന്ധതയാണ് വെളിപ്പെടുന്നത്. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാത്തത് സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മ കാരണമാണ്. വനിതാ ഉദ്യോഗാർത്ഥികളടക്കമുള്ള സമരക്കാരെ തല്ലിച്ചതച്ച പിണറായിയുടെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൊടുപുഴയിൽ യൂത്ത്ഫ്രണ്ട് (ജോസഫ്) പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു വറവുങ്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ക്ലമന്റ് ഇമ്മാനുവൽ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും രാഷ്ട്രീയാന്ധത മാറാൻ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ഫോട്ടോയിൽ തിമിര കണ്ണട സമ്മാനിച്ചു പ്രതിഷേധിച്ചു.