സദ്ഭാവന മണ്ഡപത്തിനായി 1.4 കോടി
സി.എച്ച്.സി.യുടെ നവീകരണത്തിനായി ഫണ്ട് വകയിരുത്തി
ഇളംദേശം: 2021- 22 വാർഷിക പദ്ധതിക്കുള്ള അംഗീകാരം ജില്ലയിൽ ആദ്യമായി നേടിയ ബ്ലോക്ക് പഞ്ചായത്തായ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഈ വർഷത്തെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. 27.58 കോടി രൂപയുടെ വരവും 27.56 കോടി രൂപയുടെ ചെലവും 2 ലക്ഷം രൂപയുടെ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാനിമോൾ വർഗീസ് അവതരിപ്പിച്ചത്. ദാരിദ്ര്യരേഖയിൽ താഴെയുള്ള വൃക്കരോഗികളായവർക്ക് കാരുണ്യസ്പർശമായി ഡയാലിസിസ് ധനസഹായവും ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായിട്ടുള്ള പദ്ധതികൾക്കുമാണ് ബ്ലോക്ക് പഞ്ചായത്ത് ഊന്നൽ നൽകിയിട്ടുള്ളത്. പാലിയേറ്റീവ് പരിചരണം പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, കുടിവെള്ള പദ്ധതികൾ, ലൈഫ് ഭവന പദ്ധതി തുടങ്ങിയ പദ്ധതികൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ സ്‌പോട്‌സ് യുവജനകാര്യമേഖലകളിലും ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടുത്തി ഇളംദേശം സി.എച്ച്.സി.യുടെ നവീകരണത്തിനുമായി ഗണ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയിൽ നെൽകൃഷി പ്രോത്സാഹനത്തിനുവേണ്ടിയും വനിതാ വികസനത്തിനു വേണ്ടിയിട്ടുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന വിധത്തിൽ പശ്ചാത്തല മേഖലയിലും കാര്യമായ സംഭാവനകൾ നൽകുന്നതിനും ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി പന്നിമറ്റത്ത് നിർമ്മിക്കുന്ന സദ്ഭാവന മണ്ഡപത്തിനായി 1.4 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.