തൊടുപുഴ: അടുത്ത സാമ്പത്തിക വർഷം തൊടുപുഴയുടെ സമഗ്ര വികസനത്തിന് ഏതെങ്കിലും പ്രവർത്തനം നടക്കുമെന്ന് യാതൊരുവിധ പ്രതീക്ഷയും നൽകാത്ത ബഡ്ജറ്റാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ. ദീപക്, അബ്ദുൾ കരീം എന്നിവർ ആരോപിച്ചു. ബഡ്ജറ്റിലെ അടങ്കൽ തുക 54 കോടി രൂപയാണ്. ഇതിൽ പ്രഖ്യാപിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായി ആകെ മാറ്റി വച്ചിട്ടുള്ളത് 3.48 കോടി രൂപ മാത്രമാണ്. മൊത്തം വരുമാനത്തിന്റെ 6.40 ശതമാനം മാത്രമാണിത്. മാലിന്യ സംസ്‌കരണത്തിന് വെറും അഞ്ചു ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. തനത് വരുമാനം വർദ്ധിപ്പിക്കാൻ ഒരു പദ്ധതി പോലുമില്ല. നഗരത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഔട്ടർ റിംഗ് റോഡ് നിർമ്മിക്കേണ്ടത് അനിവാര്യമാണെങ്കിലും ഇതിനെക്കുറിച്ച് പരാമർശം പോലും ഇല്ല. യുവതലമുറയ്ക്കും വിദ്യാർത്ഥികൾക്കും ഗുണകരമായ ഒരു പദ്ധതിയും ബഡ്ജറ്റിലില്ല. നഗരസഭയിലെ ഭൂരഹിതരും ഭവനരഹിതരുമായവർക്ക് സ്ഥലവും വീടും നൽകുന്നതിന് പത്തു കോടി രൂപയെങ്കിലും ആവശ്യമാണെന്നിരിക്കെ വെറും പത്തു ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. തൊടുപുഴയിൽ ഒരു മികച്ച സ്റ്റേഡിയം നിർമ്മിക്കണമെങ്കിൽ 25 കോടി രൂപയെങ്കിലും വേണ്ടി വരും. എന്നാൽ 25 ലക്ഷം രൂപ മാത്രമാണുള്ളത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായം അഭ്യർത്ഥിക്കുന്ന ഒരു പദ്ധതിയും ബഡ്ജറ്റിൽ വിഭാവനം ചെയ്തിട്ടില്ല. നഗരത്തിലെ വാഹന പാർക്കിംഗ് പ്രശ്‌നം പരിഹരിക്കാൻ ഒരു നിർദ്ദേശം പോലുമില്ല. നഗരത്തിലെ റോഡുകൾ ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ പദ്ധതിയില്ലന്ന് അവർ പറഞ്ഞു.