ഇടുക്കി: തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയുടെ ഭാഗമായ പാറമടചെറുതോണി റോഡിന്റെ ഉദ്ഘാടനവും ചെറുതോണി ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. എം.എം മണി അദ്ധ്യക്ഷനായി. പ്രാദേശിക ഉദ്ഘാടനത്തിന്റെ ഭാഗമായി ശിലാഫലകവും മന്ത്രി എം.എം മണി അനാച്ഛാദനം ചെയ്തു. ജില്ലയുടെ വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റ നേതൃത്വത്തിൽ കിഫ്ബി മുഖേന നിരവധി റോഡുകളുടെ നിർമ്മാണനവീകരണ പ്രവർത്തനം നടക്കുന്നുണ്ടെന്ന് യോഗത്തിന് അദ്ധ്യക്ഷ വഹിച്ചുകൊണ്ട് മന്ത്രി എംഎം മണി പറഞ്ഞു.
തൊടുപുഴപുളിയൻമല സംസ്ഥാന പാതയിൽ പാറമട മുതൽ ചെറുതോണി വരെയുള്ള ഭാഗം രണ്ട് റീച്ചുകളായി 18 കിലോമീറ്റർ ദൂരം 21 കോടി രൂപ ചിലവിട്ട് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. 7 മീറ്റർ വീതിയിൽ ബിഎംബിസി ടാറിംഗും, വെള്ളക്കെട്ടുകൾ ഉള്ളയിടത്ത് ടൈൽ വിരിച്ചും, അപകട സാദ്ധ്യത പ്രദേശങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കുകയും, ഐറിഷ് ഡ്രെയിനേജ് സംവിധാനം, ക്രാഷ് ബാരിയർ, റോഡ് മാർക്കിംഗ്, ഡെലിനേറ്റേഴ്‌സ് സ്റ്റഡ് എന്നിവയടക്കം ആധുനിക ഗുണനിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്. ചെറുതോണി ടൗൺ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ടൗൺ മുതൽ മെഡിക്കൽ കോളേജ് ജംഗ്ഷൻ വരെ വീതി കൂട്ടി നവീകരിച്ച് മനോഹരമാക്കുന്നതിന് 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ചെറുതോണി ജംഗ്ഷനിൽ സംഘടിപ്പിച്ച യോഗത്തിൽ റോഷി അഗസ്റ്റ്യൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെജി സത്യൻ, മുൻ എം എൽ എ കെ.കെ ജയചന്ദ്രൻ, സി.വി വർഗീസ് തുടങ്ങി യവർ സന്നിഹിതരായി. പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എഞ്ചിനീയർ ജാഫർഖാൻ റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ കെ.കെ ഷാമോൻ നന്ദി പറഞ്ഞു.