തൊടുപുഴ: കൃഷി, കായികം, ടൂറിസം എന്നിവയ്ക്ക് മുൻഗണന നൽകി തൊടുപുഴ നഗരസഭാ ബഡ്ജറ്റ് ഉപാദ്ധ്യക്ഷ ജെസി ജോണി അവതരിപ്പിച്ചു. 54,31,07,033 രൂപ ആകെ വരവും 53,57,10,080 രൂപ ചെലവും 73,96,953 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് പാസാക്കുന്നതിന് മുന്നോടിയായുള്ള ചർച്ച തിങ്കളാഴ്ച നടക്കും.
 ഉറവപ്പാറ ടൂറിസം പദ്ധതിക്ക് ഒരു കോടി
കൊല്ലം ജഡായു പാർക്കിന്റെ മാതൃകയിൽ ഉറവപ്പാറയെ പുനരാവിഷ്‌കരിക്കുമെന്ന് ബഡ്ജറ്റിൽ പറയുന്നു. നഗരസഭാ പാർക്കിൽ നിന്ന് ഉറപ്പാറയിലേക്ക് റോപ് വേ, തൊടുപുഴ- മലങ്കര ബോട്ട് സർവീസ്, കണ്ടക്ടഡ് ടൂർ എന്നിവയ്ക്കായി ഇന്റഗ്രേറ്റഡ് പ്രോജക്ട് തയ്യാറാക്കണമെന്ന് ബഡ്ജറ്റിൽ നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായുള്ള ഉറവപ്പാറ ടൂറിസം പദ്ധതിക്കായി ഒരു കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
 നഗരസഭയ്ക്ക് ആധുനിക ഓഫിസ് കെട്ടിടം
നഗരസഭയ്ക്ക് ആധുനിക ആഫിസ് കെട്ടിടത്തിനായി ബഡ്ജറ്റിൽ ഒരുകോടി പത്തുലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. നിലവിലെ ലോറി സ്റ്റാൻഡിൽ വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ ആഫിസ് കം ഷോപ്പിംഗ് കോംപ്ലക്‌സാണ് പണിയുക. ഗാന്ധി സ്‌ക്വയറിലുള്ള പഴയ ഷോപ്പിങ് കോംപ്ലക്‌സ് പുതുക്കി പണിയുന്നതിനായി പത്ത് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
 കോളനികളുടെ നിലവാരമുയർത്തും
സ്വന്തമായി സ്ഥലവും വീടും ഉള്ള കോളനികളിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കോളനിയിലെ വീടുകൾ ആധുനിക രീതിയിൽ പണികഴിപ്പിച്ച് കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ നൽകി അവരെ പ്രാപ്തരാക്കുന്നതിനായി ഫീനിക്‌സ് എന്ന പേരിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇതിനായി 25 ലക്ഷം രൂപ ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
 വടക്കുംകൂർ ഹെറിറ്റേജ് സ്‌ക്വയർ
കാരിക്കോട് അണ്ണാമല നാഥർ ക്ഷേത്രവും കാരിക്കോട് ഭഗവതി ക്ഷേത്രവും ഉൾപ്പെട്ട കാരിക്കോടിനെ വടക്കുംകൂർ സാംസ്‌കാരിക ഭൂമിക എന്ന പേരിൽ ചരിത്ര സ്മാരകമാക്കുന്നതിനായി സാംസ്‌കാരിക വകുപ്പുമായി ചേർന്നുള്ള പദ്ധതിക്ക് അഞ്ച് ലക്ഷം രൂപ വകയിരുത്തി.
മറ്റ് പ്രധാന ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ
 നഗരസഭ പ്രദേശത്ത് ആധുനിക സ്റ്റേഡിയം- 25,00,000 രൂപ
 നിർദ്ധനർക്ക് ഭക്ഷണം നൽകുന്ന പാഥേയം പദ്ധതി- 36,5000
 സമ്പൂർണ ശുചിത്വ പദ്ധതി- 10 ലക്ഷം
 പാറക്കടവിലെ മാലിന്യ സംസ്‌കരണം- 5 ലക്ഷം
 ഓപൺ ജിം- 300000
 പുഴയോര നടപ്പാത- 10 ലക്ഷം
 തൊടുപുഴ പാർക്ക് നവീകരണം- 10 ലക്ഷം
 ആംഫി തീയേറ്റർ- അഞ്ച് ലക്ഷം
 വെങ്ങല്ലൂർ യു.പി സ്‌കൂൾ ഹൈടെക്ക് ആക്കൽ- 20 ലക്ഷം
 വെബ് കോൺഫറൻസ് ഹാൾ- 10 ലക്ഷം
 കുട്ടികൾക്ക് നീന്തൽ പരിശീലനകേന്ദ്രം, സായാഹ്ന വിശ്രമകേന്ദ്രം- 15 ലക്ഷം
 നഗര സൗന്ദര്യവത്കരണം- അഞ്ച് ലക്ഷം
 അടുക്കളത്തോട്ടം- അഞ്ച് ലക്ഷം
 മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ്- 25 ലക്ഷം
 ഹൈടെക് അംഗൻവാടികൾ- 10 ലക്ഷം
 ഹോട്ടലുകൾക്ക് ഗ്രീൻ സർട്ടിഫിക്കറ്റ്- 50,000
 ഗാന്ധി സ്‌ക്വയർ സമുച്ചയ നവീകരണം- 10 ലക്ഷം
 സൺഡേ മാർക്കറ്റിന്റെ സാധ്യതാ പഠനം- ഒരു ലക്ഷം
 211 കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം ഫ്ളാറ്റ് നിർമ്മിച്ചു നൽകുന്നതിന് പ്രാഥമിക ചെലവുകൾക്ക്- 10 ലക്ഷം
 എല്ലാ നഗരവാസികൾക്കും സുരക്ഷ എന്ന പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി- 10 ലക്ഷം