തൊടുപുഴ: റോഡുകളുടെ പണി വൈകിപ്പിക്കുന്ന കരാറുകാരനെതിരെ നഗരസഭാ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ പ്രതിഷേധം. പത്താം വാർഡ് കൗൺസിലർ സനു കൃഷ്ണനാണ് ഇന്നലെ ബഡ്ജറ്റിന് ശേഷം നടന്ന കൗൺസിൽ യോഗത്തിൽ ചെയർമാന്റെ ചേമ്പറിന് മുന്നിൽ ആദ്യം പ്രതിഷേധവുമായെത്തിയത്. പത്താംവാർഡിലെ പഴേരി- കല്ലുമാരി റോഡ്, കനാൽ റോഡ്, പുതുച്ചിറ ലിങ്ക് റോഡ് എന്നിവയുടെ നിർമ്മാണ ജോലികൾ കരാറുകാരൻ അകാരണമായി നീട്ടിക്കൊണ്ടുപോവുകയാണന്നും ഇക്കാര്യത്തിൽ നടപടിയെടത്തില്ലെങ്കിൽ വാർഡിലെ ജനങ്ങളുമായി നഗരസഭാ ആഫീസിലേക്ക് പ്രതിഷേധം നടത്തുമെന്നും സനുകൃഷ്ണൻ പറഞ്ഞു.
ഇതോടെ കരാറുകാരനെതിരെ പരാതികളുമായി കക്ഷിരാഷ്ട്രീയഭേദമന്യേ വിവിധ വാർഡുകളിലെ കൗൺസിലർമാരും രംഗത്ത് വന്നു. ചില വാർഡുകളിൽ പണികൾ നടക്കുകയും മറ്റു വാർഡുകളിൽ പണികൾ നടത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗിലെ എം.എ. കരീമും സഫിയ ജബ്ബാറും ബി.ജെ.പിയിലെ ടി.എസ്. രാജനും ആവശ്യപ്പെട്ടു. കരാറുകാർ കൗൺസിലർമാരോട് മോശമായാണ് പെരുമാറുന്നതെന്നും ഇയാളെ കരിമ്പട്ടികയിൽ പെടുത്തണമെന്നും ഇടത് കൗൺസിലർ ആർ. ഹരിയും പറഞ്ഞു. ജോലികൾ സമയ ബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ നടപടിയെടുക്കണമെന്ന് മുഹമ്മദ് അഫ്‌സലും ആവശ്യപ്പെട്ടു. കരാറുകാർ പണി വൈകിപ്പിക്കുമ്പോൾ ജനങ്ങളോട് മറുപടി പറയാനാകുന്നില്ലെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഒടുവിൽ കരാറുകാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സനു കൃഷ്ണൻ പ്രതിഷേധം അവസാനിപ്പിച്ചത്.