കുമളി: കേരളത്തിന്റെ നിരന്തരമായ ആവശ്യത്തിനൊടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ റൂൾ കർവ് തമിഴ്‌നാട് കൈമാറി. ഡാമിലെ ജലം നിയന്ത്രിത അളവിൽ ശേഖരിച്ച് നിറുത്തുന്നതിനായി ശാസ്ത്രീയമായ അളവുകൾ കണക്കാക്കുന്നതാണ് റൂൾ കർവ്. ഇത് നൽകണമെന്ന് കഴിഞ്ഞ ആറ് വർഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ നൽകിയ റൂൾ കർവിൽ ഷട്ടർ പ്രവർത്തന മാർഗരേഖ ഉൾപ്പെടുത്തിയിട്ടണ്ടോയെന്ന് വ്യക്തമല്ല. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾക്കായി സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ തമിഴ്‌നാട് ആവശ്യപ്പെട്ടു.
പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട പ്രദേശമായതിനാൽ വനം വകുപ്പാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കേണ്ടതെന്ന് കേരളത്തിന്റെ പ്രതിനിധികൾ സമിതിയിൽ അറിയിച്ചു. കേന്ദ്ര ജല കമ്മീഷൻ ചീഫ് എൻജിനീയർ ഗുൽഷൻ രാജ് ചെയർമാനായ ഉന്നതാധികാര സമിതിയാണ് ഇന്നലെ രാവിലെ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തിയത്. ഒരു വർഷത്തിന് ശേഷമെത്തിയ സംഘം ബേബി ഡാം, ഗ്യാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പിൽവേയിലെ മൂന്നും നാലും ഷട്ടറുകളും ഉയർത്തി നോക്കി. പരിശോധനകൾക്ക് ശേഷം കുമളി ബാംബു ഗ്രൂവിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേരള പ്രതിനിധി ടി.കെ. ജോസ്, തമിഴ്‌നാട് പ്രതിനിധി മണിവാസകം എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.