തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ സ്വകാര്യ കോർപ്പറേറ്റ് വൽക്കരണ നയങ്ങൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ മാർച്ച് 15, 16 തിയതികളിൽ പണിമുടക്കും. പണിമുടക്കിനു മുന്നോടിയായി ജീവനക്കാർ തൊടുപുഴയിൽ പ്രകടനവും ധർണ്ണയും നടത്തി. ധർണ്ണസമരം യു. എഫ്. ബി. യു ജില്ലാ കൺവിനർ നഹാസ് പി.സലിം ഉദ്ഘാടനം ചെയ്തു. അനിൽ എ.എസ് (എൻ.സി.ബി.ഇ), സിജോ എസ് (ബെഫി), മൈതീൻ വി പി (എ.ഐ.ബി.ഒ.സി.), എബിൻ ജോസ് (എ.ഐ.ബി.ഇ.എ.)എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രതിഷേധ സമര പരിപാടികളുടെ ഭാഗമായി മാർച്ച് 1 ന് പ്രതിഷേധ ദിനമായി ആചരിക്കും. മാർച്ച് 2ന് തൊടുപുഴയിലും മാർച്ച് 9ന് കട്ടപ്പനയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. മാർച്ച് 12ന് ബാഡ്ജ് ധാരണവും, പ്രതിഷേധ റാലിയും നടത്തും. പണിമുടക്ക് ദിവസങ്ങളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ധർണ്ണയും പ്രകടനവും നടത്തും. അനിൽകുമാർ എ എസ്, കൃഷ്ണഹരി, അനീഷ് ജയൻ, ജോർജ്, ജോബിൻ ജോസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.