മുട്ടം: പഴയമറ്റത്തുള്ള പശു ഫാമിലെ ദുർഗന്ധം നിറഞ്ഞ മലിന ജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നതായി ആക്ഷേപം. തൊടുപുഴയിലുള്ള ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഇവിടെയുള്ള ഫാം. ഫാമിൽ നിന്നുള്ള ദുർഗന്ധം വമിക്കുന്ന മലിന ജലം പഴയ മറ്റം തോട്ടിലേക്ക് ഒഴുക്കി വിടുന്നതിനെ തുടർന്ന് ചാര നിറത്തിലായിരിക്കുകയാണ് തോട്ടിലെ വെള്ളം. ഇതേ തുടർന്ന് തോടിന്റെ തീരങ്ങളിലുള്ള കിണറുകളിലെ വെള്ളത്തിന് നിറവ്യത്യാസവും ദുർഗന്ധവും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. വേനൽ കടുത്തതിനെ തുടർന്ന് താഴ്ന്ന നിലയിലാണ് തോട്ടിലെ വെളളത്തിന്റെ ഒഴുക്ക്. പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും പ്രശ്‌നത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.