ഇടുക്കി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു. പ്രളയത്തിൽ നാശനഷ്ടങ്ങളുണ്ടായ ഇടുക്കിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കും ജില്ലയുടെ പൊതുവായ വികസനം ലക്ഷ്യം വച്ച് തയ്യാറാക്കിയ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്തു. കൃഷി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, ഹൈഡൽ ടൂറിസം, കായിക വിനോദം തുടങ്ങി വിവിധ മേഖലകളിലൂടെ ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് പദ്ധതികൾ ചർച്ച ചെയ്ത് തയ്യാറാക്കുമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. ഇടുക്കി പാക്കേജ് പ്രഖ്യാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 25 ന് കട്ടപ്പനയിലെത്തും. പാക്കേജ് പ്രഖ്യാപനത്തിന് മുന്നോടിയായിട്ടാണ് സ്വാഗത സംഘം രൂപികരിച്ചത്. വൈദ്യുതി മന്ത്രി എംഎം മണി മുഖ്യരക്ഷാധികാരിയായും, ഡീൻ കുര്യാക്കോസ് എംപിയെ ഉപരക്ഷാധികാരി ആയും യോഗത്തിൽ തീരുമാനിച്ചു. റോഷി അഗസ്റ്റിൻ എംഎൽഎയെ ചെയർമാനായും ജില്ലാ കളക്ടർ എച്ച് ദിനേശനെ കൺവീനറായും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്‌സൺ ബീന ജോബി എന്നിവരെ വൈസ് ചെയർപേഴ്‌സൺസായും, ജോയിന്റ് കൺവീനറായി സി.വി വർഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
കട്ടപ്പന മർച്ചന്റ്‌സ അസ്സോസ്സിയേഷൻ ഹാളിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎ , ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലപ്പ്, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാഅദ്ധ്യക്ഷൻ സി.വി വർഗ്ഗീസ്, കട്ടപ്പന മുനിസിപ്പൽ ചെയർ പേഴ്‌സൺ ബീനാ ജോബി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ജില്ലാ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.