തൊടുപുഴ: ജനപ്രതിനിധികളും, കെ എസ് ടി പി യും പൊതുമരാമത്ത് വകുപ്പും, ത്രിതല പഞ്ചായത്തുകളും നാട്ടിലാകമാനം പാലങ്ങളും റോഡുകളും തലങ്ങും വിലങ്ങും നിർമ്മിക്കുമ്പോൾ കാക്കരയാനി ആദിവാസി കോളനി നിവാസികളുടെ ദുരിതങ്ങൾ ആരും കാണുന്നില്ല; അറിയുന്നുമില്ല. ഉടുമ്പന്നൂർ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ് കാക്കരയാനി കോളനി. കോളനിയിലുള്ള താമസക്കാർക്ക് വേളൂർ പുഴയ്ക്കക്കരെ എത്തണമെങ്കിൽ വീതി കുറഞ്ഞ ഒരു പാലമാണ് ഏക ആശ്രയം. കാൽ നടയായി മാത്രമേ ഇതിലൂടെ സഞ്ചരിക്കാൻ കഴിയു. ആശുപത്രി സംബന്ധമായതും വീട്ടിലേക്ക് സാധന സാമഗ്രികൾ എത്തിക്കുന്നതിനും പാലത്തിലൂടെ വാഹനങ്ങൾ കടന്ന് പോകാനാവാത്തത് പ്രദേശവാസികൾക്ക് ഏറെ പ്രശ്നങ്ങളാവുകയാണ്. ആദിവാസി ക്ഷേമത്തിന് വേണ്ടി അധികൃതർ കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴും കോളനികളിലേയ്ക്ക് യാത്ര സൗകര്യം ഒരുക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഇവിടുത്തുകാർ പറയുന്നു. പറയാമല ഊരുകൂട്ടത്തിനു കിഴിലാണ് കക്കരയാനി കോളനി. ഇവിടെ പത്തിലധികം കുടുംബങ്ങളാണ് താമസം. ദീർഘനാളത്തെ ആവശ്യത്തിന് ശേഷമാണ് പുഴയ്ക്കു കുറുകെ നടപ്പാതപണിതത്. ഈപാലം വഴി ഇരുചക്ര വാഹനം പോലും കടന്ന് പോകാത്ത അവസ്ഥയാണ്. ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ഫണ്ടിന്റെ അപര്യാപ്തതയില്ല. എന്നാൽ ഇവിടേയ്ക്ക് പാലം നിർമ്മിക്കാൻ അധികൃതർ താല്പര്യം കാണിക്കാത്തതാണ് പ്രശ്‍നം.

വോട്ട് കുറവായിട്ടാകും .... ...........

കാക്കരയാനി കോളനിയിൽ താമസക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. അത് കൊണ്ട് ഇവിടെ നിന്നുള്ള വോട്ടുകളും കുറവാണ്. അതാകും കോളനിയോട് അധികൃതർക്ക് അവഗണനയെന്ന് പ്രദേശവാസികൾ ഒന്നടങ്കം പറയുന്നു. ആദിവാസി മേഖലയായതിനാൽ മറ്റുള്ളവർക്ക് ഇവിടെ സ്ഥലം വാങ്ങാൻ കഴിയില്ല. ഇക്കാരണത്താൽ കോളനിയിൽ കൂടുതൽ വോട്ടർമാർ ഉണ്ടാകാനും സാദ്ധ്യതയില്ല; ഇത് അധികൃതർക്ക് ബോദ്ധ്യമുള്ളത് കൊണ്ടാവും അവഗണന എന്നും പ്രദേശ വാസികൾ പറയുന്നു. പാലം വന്നാൽ വേളൂർ അമ്പലത്തിലേക്ക് ഭക്തർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന സാദ്ധ്യതയും അധികൃതർ പരിഗണിക്കണമെന്നാണ് കോളനിക്കാരുടെ അവശ്യപ്പെടുന്നത്.