 
തൊടുപുഴ: കാരിക്കോട്കുന്നം പൊതുമരാമത്ത് റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു,
കാരിക്കോട് നൈനാർ ജുമാ മസ്ജിദിന് പിന്നിൽ ടൈൽ പാകിയിരിക്കുന്നതിന് സമീപം കയറ്റത്തിലാണ് പൈപ്പ് പൊട്ടി കിടക്കുന്നത്. സമീപവാസികളടക്കം നിരവധി പേർ വാട്ടർ അതോററ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.
അടുത്തടുത്തായി കോൺക്രീറ്റ് ചെയ്ത സ്ഥലത്ത് രണ്ടിടത്താണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ആദ്യം പൈപ്പ് പൊട്ടിയ സ്ഥലത്ത് ഇപ്പോൾ വലിയ കുഴിയായി കഴിഞ്ഞു. സമീപത്ത് തന്നെ മറ്റൊരിടത്തും പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. വെള്ളം റോഡിന്റെ വശം ചേർന്ന് ഒഴുകി ടൈൽ പാകിയ സ്ഥലത്ത് എത്തി കെട്ടി കിടന്നാണ് ഇവിടം തകർന്നത്.
വീതി കുറഞ്ഞ റോഡിൽ 2.5 മീറ്ററോളം നീളത്തിൽ പൂർണ്ണമായും പൊളിഞ്ഞ് കുഴിയായി വെള്ളം കെട്ടി കിടക്കുകയാണ്. ഇവിടെ റോഡ് തകരുന്നത് പതിവായതിനാൽ പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്ത് കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്യുകയും അവശേഷിച്ച ഭാഗം 20 മീറ്ററോളം ഭാഗം ടൈൽ വിരിക്കുകയുമായിരുന്നു.
ഭാരവാഹനങ്ങൾ അടക്കം നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ഇതുവഴി മാസങ്ങളായി സ്വകാര്യ ബസ് സർവ്വീസ് നടക്കുന്നുണ്ട്. പൈപ്പ് ആവശ്യമായ ആഴത്തിൽ സ്ഥാപിക്കാത്തതാണ് പതിവായി പൊട്ടുന്നതിന് കാരണമെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.
പരിശോധിക്കും: വാട്ടർ അതോററ്റി ഇഇ
സംഭവം അറിഞ്ഞിരുന്നില്ലെന്നും പൊട്ടിയ പൈപ്പ് നന്നാക്കുന്ന കാര്യം ഉടൻ പരിഗണിക്കുമെന്നും വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞു. കരാറുകാർ സമരത്തിലായതിനാൽ പലയിടത്തും പണികൾ വൈകുന്നതായും അദ്ദേഹം പറഞ്ഞു.