ആകെ വോട്ടർമാർ 8, 74, 757

പോളിങ് ബൂത്തുകൾ 1292

തൊടുപുഴ:നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ലയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ എച്ച് .ദിനേശൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
ഒരു ബൂത്തിൽ ആയിരം വോട്ടർമാർ എന്ന നിലയിൽ ജില്ലയിൽ ആകെ 1292 പോളിങ് ബൂത്തുകൾ ക്രമീകരിക്കും.ആയിരം വോട്ടർമാരിൽ കൂടുതലുള്ള ബൂത്തുകൾ വിഭജിച്ച് ഓക്‌സിലറി ബൂത്ത് സമീപത്ത് സ്ഥാപിക്കും. ഇപ്രകാരം 1003 ബൂത്തുകളും 289 ഓക്‌സിലറി ബൂത്തുമാണ് നിലവിലുള്ളത്. നിലവിലുള്ള കണക്കു പ്രകാരം ജില്ലയിൽ ആകെ 8, 74, 757 വോട്ടർമാരുണ്ട്. ഇതിൽ 4,32,621 പേർ പുരുഷന്മാരും 4,42,136 പേർ സ്ത്രീകളുമാണ്. ഒരു ട്രാൻസ്ജൻഡർ വോട്ടറുമുണ്ട്.ഇരട്ടവോട്ടർമാർ, മരിച്ചുപോയവർ, സ്ഥലത്തില്ലാത്തവർ എന്നിങ്ങനെ 9,000 ത്തോളം പേരുകൾ വോട്ടർപട്ടികയിൽ നിന്നും ഇതുവരെ നീക്കം ചെയ്തു.
ഭിന്നശേഷി വോട്ടർമാർ, 80 വയസ് പിന്നിട്ടവർ, കൊവിഡ് രോഗികൾ, സമ്പർക്കവിലക്കിലുള്ളവർ എന്നിവർക്ക് പ്രത്യേക ബാലറ്റ് സംവിധാനം ഏർപ്പെടുത്തും. ഇതിൽ കൊവിഡ് രോഗികൾക്കും സമ്പർക്കവിലക്കിലുള്ളവർക്കും പോസ്റ്റൽ വോട്ട് മാത്രമേ അനുവദിക്കൂ. ഭിന്നശേഷിക്കാർക്കും 80 കഴിഞ്ഞവർക്കും താൽപര്യമുണ്ടെങ്കിൽ പോസ്റ്റൽ വോട്ട് ചെയ്യാം. പോസ്റ്റൽ വോട്ട് ചെയ്യുന്നവരിൽ നിന്നും സമ്മതപത്രം വാങ്ങും. സമ്മതപത്രം നൽകാൻ ബൂത്തുതല ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇവർ വീടുകളിലെത്തി സമ്മതപത്രത്തിനായുള്ള 12 ഡി ഫോറം നൽകും. അഞ്ചുദിവസത്തിനകം ഈ സമ്മതപത്രം തിരികെ വാങ്ങും. സമ്മതപത്രം നൽകാത്തവർക്ക് ബൂത്തുകളിൽ പോയി വോട്ട് ചെയ്യാം.
പോസ്റ്റൽ ബാലറ്റ് വിതരണത്തിന് ഒരു പഞ്ചായത്തിൽ നാലെന്ന ക്രമത്തിൽ 250 ടീമുകളെ നിയോഗിക്കും. പോളിങ് ഓഫീസർ, സഹായി, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരാണ് സംഘത്തിലുള്ളത്. വലിയ പഞ്ചായത്തുകളിൽ ഒന്നിലേറെ ടീം ഉണ്ടാവും.
ഇവർ തന്നെയാണ് പോസ്റ്റൽ ബാലറ്റ് തിരിച്ചു വാങ്ങി റിട്ടേണിങ് ഓഫീസർക്ക് കൈമാറുന്നത്.
തിരഞ്ഞെടുപ്പ് ജോലികൾക്ക് 38,000 ഓളം ജീവനക്കാരെ നിയോഗിക്കും. ഇവർക്ക് ബുധനാഴ്ച മുതൽ രണ്ടു ഘട്ടമായി കൊവിഡ് പ്രതിരോധ വാക്‌സിനും നൽകും. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലായിരിക്കും പരിശീലനമെന്നും കളക്ടർ പറഞ്ഞു. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ വൃന്ദാദേവിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വോട്ടർപട്ടികയിൽ

പേര് ചേർക്കാം

വോട്ടർപട്ടികയിൽ ഇനിയും പേരുകൾ ചേർക്കാം. അപേക്ഷകൾ തിരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. അക്ഷയകേന്ദ്രങ്ങളിലും സൗകര്യമുണ്ട്.