തൊടുപുഴ : ഒന്നാം വർഷ റഗുലർ ക്‌ളാസുകൾ ആരംഭിച്ച ദിവസം ശാന്തിഗിരി കോളേജ് ബി.എ.അനിമേഷൻ വിദ്യാർഥികൾ എത്തിയത് വീട്ടിലിരുന്നു തയാറാക്കിയ വർണ ചിത്രങ്ങളുമായാണ്. സ്വപ്നങ്ങൾ ചിത്രങ്ങളാക്കിയപ്പോൾ കാണികളുടെ ഹരമേറി. കോളേജ് പ്രിൻസിപ്പാൾ ഫാദർ പോൾ പാറേക്കാട്ടേൽ ചിത്രം വരച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തപ്പോൾ ഒന്നാം വർഷക്കാർക്ക് അതൊരു അംഗീകാരമായി. പുലരിയും പ്രഭാതവും രാവും സ്വപ്നവും മുതൽ രാത്രിയിലെ നഗര കാഴ്ചയും ബന്ധങ്ങളുടെ തീവ്രതയും വർണങ്ങളിലൂടെ വിരിഞ്ഞപ്പോൾ കലാകാരന് സമൂഹത്തോട് സംവദിക്കുവാനുള്ള ദൃശ്യ ഭാഷയുടെ തീവ്രത അനാവൃതമായി.

കേരള ബഡ്ജറ്റ് ഇഗ്ളീഷ് വോള്യത്തിനു ചിത്രമൊരുക്കിയ ശ്രീനന്ദന അടക്കമുള്ള ഒന്നാം വർഷ വിദ്യാർഥികളുടെ ചിത്ര പ്രദർശനം ഓവിയ 2021 ഏറെ പേരെ ചിന്തിപ്പിക്കുന്ന ഒരു കലാവിരുന്നായി.

മീഡിയ സ്റ്റഡീസ് ഡിപ്പാർട്‌മെന്റ് മേധാവി , അസി.പ്രൊഫസർ, അഭി കെ .എം, അസി. പ്രൊഫസർ പ്രശാന്ത് പി. ഡോ. ബിജിമോൾ ടി .കെ എന്നിവർ ആശംസകൾ അർപ്പിച്ചു. രവിലെ 10 മണിക്ക് കോളേജിൽ ആരംഭിച്ച പ്രദർശനം വൈകിട്ട് നാലിന് അവസാനിച്ചു.