കട്ടപ്പന :ഗവൺമെന്റ് കോളേജിൽ ബിഎസ്‌സി ഫിസിക്‌സ് കോഴ്‌സ് കൂടി പുതുതായി അനുവദിച്ചതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ഹൈറേഞ്ച് മേഖലയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കട്ടപ്പന ഗവൺമെന്റ് കോളേജിൽ ഇതോടെ ആറ് ബിരുദ കോഴ്‌സുകളും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകളുമായി. കഴിഞ്ഞ ഏതാനും വർഷങ്ങൾ കെണ്ട് മികച്ച സയൻസ് ലാബ്, ലൈബ്രറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റലുകൾ, മികച്ച ഗ്രൗണ്ട് തുടങ്ങി ഒട്ടേറെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. കൂടുതൽ കോഴ്‌സുകൾ അനുവദിക്കുന്നതിന് സ്ഥല സൗകര്യങ്ങൾ ഒരുക്കിയതോടെ കോളേജ് ഡയറക്ടറേറ്റ് പരിശോധന പൂർത്തിയാക്കി കോഴ്‌സുകൾക്ക് സർക്കാർ അംഗീകാരം നൽകി. വിദ്യാഭ്യാസമേഖലയിൽ ചുരുങ്ങിയകാലം കൊണ്ട്് മികച്ച മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും ഏതാനും കോഴ്‌സുകൾ കൂടി കട്ടപ്പന കോളേജിൽ അനുവദിക്കുന്നതിനുള്ള നടപടി നടന്നു വരുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.