ചെറുതോണി : പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂൾ കെട്ടിട നിർമ്മാണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിർവ്വഹണ ഏജൻസിയായി കില യെ ചുമതലപ്പെടുത്തി ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. 2018-19 വർഷത്തെ ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ കിഫ്ബി ഫണ്ട് വഴി പശ്ചാത്തല സൗകര്യ വികസനത്തിന് തെരഞ്ഞെടുക്കപ്പെട്ട 1000 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന സ്‌കൂളുകളുടെ ഗണത്തിൽ ഉൾപ്പെടുത്തിയാണ് പണിക്കൻകുടി ഗവൺമെന്റ് സ്‌കൂളിന് മൂന്നു കോടി രൂപ അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിന് ഇൻകെൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തി ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു. എന്നാൽ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിരവധി സ്‌കൂളുകളുടെ നിർമ്മാണം നടന്നു വരുന്നതിനാൽ ഇൻകെൽ ലിമിറ്റഡ് മുഖേനയുള്ള തുടർനടപടികൾ വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നിർവ്വഹണ ഏജൻസിയായി കിലയെ ചുമതലപ്പെടുത്തിയത്.
കൊന്നത്തടി പഞ്ചായത്തിലെ അരനൂറ്റാണ്ടിലേറെ കാലം പഴക്കമുള്ള സ്‌കൂളാണിത്. പ്രൈമറി വിഭാഗം മുതൽ ഹയർസെക്കന്ററി വിഭാഗംവരെ ഒരേ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന് എംഎൽഎ ഫണ്ടും ഇതര ഡിപ്പാർട്ട്‌മെന്റ് ഫണ്ടുകളും വിനിയോഗിച്ച് കെട്ടിട നിർമ്മാണങ്ങൾ നടന്നിരുന്നു. എന്നാൽ സ്‌കൂളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഒരു ബഹുനില മന്ദിരം പണിയുക എന്ന ആശയത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.