തൊടുപുഴ: റബർമരത്തിൽ ഗന്ധകം അടിക്കുന്നത തടഞ്ഞ് ലോക് അദാലത്ത് ഉത്തരവിട്ടതോടെ വെൺമണിയിലും തെക്കൻതോണി ഭാഗത്തും റബർ കൃഷി നശിക്കുന്നതായി കർഷകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വ്യക്തി ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാണിച്ച് മുട്ടം ലോക് അദാലത്തിൽ നൽകിയ പരാതിയിന്മേൽ 2018ലാണ് ഗന്ധകം അടിക്കുന്നത് നിരോധിച്ചത്.
ഡിസംബർ, ജനുവരി മാസങ്ങൾ റബ്ബറിന്റെ ഇലപൊഴിയുകയും തളിർക്കുകയും ചെയ്യുന്ന സമയമാണ്. ഈ കാലഘട്ടങ്ങളിൽ മഞ്ഞും ചാറ്റൽ മഴയും ഉണ്ടായി റബ്ബറിന്റെ തളിരില പൊഴിഞ്ഞ് റബ്ബർ ഉണങ്ങും. ഇതിന് പരിഹാരമായി റബ്ബർ ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് ഗന്ധകം അടിച്ച് ഇല സംരക്ഷിക്കാൻ കർഷകർ തുനിഞ്ഞത്. എന്നാൽ, അദാലത്ത് വിധി വന്നതോടെ രണ്ടു വർഷമായി ഇത് മുടങ്ങി. ലോക് അദാലത്ത് ഉത്തരവ് നടപ്പാക്കാൻ പഞ്ചായത്തും പൊലീസും ഇടപെട്ടു. ഗന്ധകം അടിക്കുകയും പുകയ്ക്കുന്നതും പഞ്ചായത്ത് നിരോധിച്ചു. നിരോധനം ലംഘിച്ചാൽ നടപടി എടുക്കുമെന്ന് പൊലീസും പറഞ്ഞിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ കൃഷി രീതികൾ മനസിലാക്കാതെയും തങ്ങളുടെ ഭാഗം കേൾക്കാതെയുമാണ് അദാലത്തിന്റെ തീരുമാനമെന്ന് കർഷകർ ആരോപിക്കുന്നു. ഗന്ധകപ്പൊടിയ്ക്ക് നിരോധനമില്ലെന്ന് ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. റബ്ബർ ബോർഡും സർക്കാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
റബർ കർഷകരായ വർക്കി ദേവസ്യ, മാത്യു, സോമൻ വർഗീസ്, ജോൺസൺ ജോർജ്ജ്, ജോൺ സാമുവേൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.