ഇടുക്കി: സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ വട്ടമേട്, പെരുംങ്കാല, മണിയാറൻകുടി എന്നീ മേഖലകളിലെ പട്ടികവർഗ്ഗം വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ ചെയർമാനായും അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ മുരുകൻ വി അയത്തിൽ കൺവീനറായുമാണ് സ്വാഗതസംഘം രൂപീകരിച്ചിട്ടുളളത്. മാർച്ച് 5 മുതൽ 9 വരെ അഞ്ച് ദിവസങ്ങളിലായി വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്. എസ്.ടി വിഭാഗത്തിലെ 30 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. വാഴത്തോപ്പ് ഗവ. എൽ.പി സ്‌കൂളിൽ നടന്ന സ്വാഗതസംഘരൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സെലിൻ വി എം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, ടിന്റു സുഭാഷ്, രാജു ജോസഫ്, അറക്കുളം ബി.പി.സി മുരുകൻ വി അയത്തിൽ, സ്‌കൂൾ ഹെഡ്മാസ്റ്റർ ശശിമോൻ പി കെ, അജിമോൻ എം ഡി, ഷൈജ കെ കെ എന്നിവർ സംസാരിച്ചു.