മണക്കാട്: മണക്കാട് ഗ്രാമപഞ്ചായത്തിന്റെ 2021 - 22 സാമ്പത്തിക വർഷത്തേക്കുള്ള 103894904 രൂപ വരവും 101793502 രൂപ ചെലവും 2101402 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് ഭരണ സമിതി അംഗീകാരം നൽകി. വൈസ് പ്രസിഡന്റ് ഡോ: റോഷ്നി ബാബുരാജാണ് ബഡ്ജറ്റ് അവതരണം നടത്തിയത്. പ്രസിഡന്റ് റ്റിസി ജോബ് അധ്യക്ഷത വഹിച്ചു. ഉല്പാദന, സേവന, പശ്ചാത്തല മേഖലകളുടെ ഉന്നമനത്തിന് വേണ്ടി വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ച നടത്തി. കൃഷി, മൃഗസംരക്ഷണം, പാർപ്പിടം, ആരോഗ്യം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിങ്ങനെയുള്ള മേഖലകൾക്ക് പ്രത്യേക പദ്ധതികളും കുടുംബശ്രീ യൂണീറ്റുകൾക്ക് സ്വയം തൊഴിൽ സഹായം, പശ്ചാത്തല മേഖലയിൽ റോഡുകളുടെ പുനരുദ്ധാരണം, സമ്പൂർണ്ണ എൽ.ഇ.ഡി. തെരുവ് വിളക്കുകളുടെ വ്യാപനം, കുടിവെള്ളം, തൊഴിലുറപ്പ് പദ്ധതി, കായിക രംഗം ഉൾപ്പടെയുള്ള മേഖലകൾക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ബഡ്ജറ്റിനാണ് ഭരണ സമിതി അംഗീകാരം നൽകിയത്.