കാഞ്ഞാർ: പൂമാല മേത്തൊട്ടി മുക്കം തോട്ടത്തിൽ സുരേഷ് ജോസഫിന്റെ പുരയിടത്തിലെ പ്ലാവിൽ രാജവെമ്പാല കയറികൂടി. ഇന്നലെ രാവിലെ 11 മണിയോടെ സുരേഷിന്റെ ഭാര്യ റൂബി പുല്ല് ചെത്താൻ പ്ലാവിന് സമീപം ചെന്നപ്പോഴാണ് രാജവെമ്പാലയെ കണ്ടത്. ചക്കയോട് ചേർന്ന് മരത്തിൽ ചുറ്റിയ നിലയിലായിരുന്നു പാമ്പ്. ആളനക്കം കേട്ടിട്ടും പാമ്പ് പ്ലാവിൽ നിന്നും അനങ്ങിയില്ല. 18 അടിയോളം നീളവും 22 കി.ലോ തൂക്കവുമുണ്ടായിരുന്നു. വീട്ടുകാർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരത്തിൽ ഇരിക്കുന്ന രാജവെമ്പാലയെ കുടുക്കിട്ട് പിടി കൂടുന്നത് സാഹസമായതിനാൽ പാമ്പ് പിടുത്തത്തിന് ലൈസൻസുള്ള കോതമംഗലം സ്വദേശി ഷൈനെ വനം വകുപ്പ് ഉദ്യോഗസ്ഥർ വിളിച്ച് വരുത്തി. ഷൈൻ എത്തിയാണ് പാമ്പിനെ പിടികൂടിയത്. പിന്നീട് ഇതിനെ കുളമാവ് മീൻ മുട്ടി വനത്തിൽ തുറന്നു വിട്ടു.