തൊടുപുഴ: നാളെ നടക്കുന്ന മുഖ്യമന്ത്രിയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപനം പ്രഹസനമെന്ന് ബിജെപി. തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മലയോര ജനതയുടെ കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണ് പിണറായി സർക്കാർ പയറ്റുന്നതെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രണ്ട് തവണ പ്രഖ്യാപിച്ച പാക്കേജുകളും നോക്കുകുത്തിയായിരിക്കുമ്പോഴാണ് പുതിയ പാക്കേജുമായി മുഖ്യമന്ത്രിയെത്തുന്നത്. തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ്റ്റാൻഡ് തുറക്കാൻ കഴിയാത്തവർ എങ്ങനെ ഇടുക്കിയിൽ 10,000 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ആശ്രയമാകേണ്ട മെഡിക്കൽ കോളേജിനായി കോടികൾ ചെലവാക്കിയതല്ലാതെ ചികിത്സലഭ്യമാക്കാനാകുന്നില്ല. കാർഷിക വിളകളുടെ വിലയിടിവിൽ സർക്കാരിന് ഒന്നും ചെയ്യാനാകുന്നില്ല. കപ്പ മുതൽ ഏലം വരെ വിലയിടിവ് നേരിടുമ്പോൾ സർക്കാർ കേരളത്തെ ബാധിക്കാത്ത കേന്ദ്ര കാർഷിക ബില്ലിനെതിരെ സമരം നടത്തുന്ന തിരക്കിലാണ്.ജില്ലയിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.