malayennamala

ചെറുതോണി: മലയെണ്ണാമല, വ്യത്യസ്തമായ ഈ പേര് പോലെ തന്നെ അസംഖ്യം മലനിരകളുടെ വിദൂര ദൃശ്യങ്ങളും സൂര്യാസ്തമയവും രാവിലെയുള്ള കോടമഞ്ഞുമടക്കം കാഴ്ചകളുടെ കലവറയൊരുക്കി കാത്തിരിക്കുകയാണ് കഞ്ഞിക്കുഴിയിലെ ഈ സുന്ദരഭൂമി. മൂന്നാർ ഉൾപ്പടെയുള്ള ഹെറേഞ്ചിലെ ഒട്ടുമിക്ക സ്ഥലങ്ങളും മലയെണ്ണാമലയിൽ നിന്നാൽ കാണാം. സദാസമയവുമുള്ള കുളിർക്കാറ്റ് സഞ്ചാരികൾക്ക് പ്രത്യേക അനുഭവമാണ് സമ്മാനിക്കുന്നത്. ചുവന്നുതുടുത്ത സൂര്യൻ മലനിരകൾക്കുള്ളിലേക്ക് മറയുന്നത് കാണാൻ നിരവധി ആളുകളാണെത്തുന്നത്. വാഗമണ്ണിന് സമാനമായ ഇവിടത്തെ മൊട്ടക്കുന്നുകൾ സഞ്ചാരികൾക്കേറെ പ്രിയപ്പെട്ടതാണ്. ഏത് വാഹനത്തിലും ഇവിടെ എത്തിച്ചേരാൻ സാധിക്കുമെന്നതിനാൽ തന്നെ നിരവധി കുടുംബങ്ങളാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. രാവിലെയുള്ള കോടമഞ്ഞാണ് ഇവിടത്തെ മറ്റൊരാകർഷണം. ഹെറേഞ്ചിന്റെ കവാടമായ കഞ്ഞിക്കുഴിയിൽ നിന്ന് വാകച്ചുവട് വഴി മലയെണ്ണാമലയിൽ എത്താം. ഏകദിന വിനോദത്തിനായി തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ മേഖലകളിൽ നിന്നാണ് സഞ്ചാരികളിലേറെയും എത്തുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് അവരുടെ ആവശ്യപ്രകാരം നാടൻ ഭക്ഷണമൊരുക്കാൻ ഇവിടുത്തെ വനിതാ അയൽക്കുട്ടം സദാ സജ്ജരാണ്. സഞ്ചാരികൾക്കായി ഇവിടെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമായ തുക ത്രിതല പഞ്ചായത്തുകൾ വകയിരുത്തിയാൽ നാടിന്റെ വികസനത്തിന് മുതൽകൂട്ടാകാവുന്ന ടൂറിസത്തിന്റെ അനന്ത സാധ്യതകൾക്ക് വഴിയൊരുക്കും. ഉത്തരവാദ ടൂറിസത്തിന്റെ നടത്തിപ്പിനായി സൊസൈറ്റി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാർ. അങ്ങനെ, പ്രകൃതി സംരക്ഷണം ആപ്തവാക്യമാക്കിക്കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുകയാണ് മലയെണ്ണാമല.