district

തൊടുപുഴ : പദവികൾ അംഗീകാരത്തിനൊപ്പം ഉത്തരവാദിത്വവും ബാദ്ധ്യതയും കൂടിയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്. അറക്കുളം ഗ്രാമപഞ്ചായത്തിന് സംസ്ഥാന സർക്കാരിന്റെ ശുചിത്വ പദവി സർട്ടിഫിക്കറ്റ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും മറ്റും വലിച്ചെറിയാതെ ശാസ്ത്രീയമായി പരിപാലിക്കുകയെന്ന സന്ദേശം പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളിലുമെത്തിക്കാൻ ഈ പദവി ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മൂലമറ്റം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരൻ ,സെക്രട്ടറി സി ആർ മധു, വാർഡ് അംഗങ്ങളായ പി .എൻ. ഷീജ, സുശീല ഗോപി എന്നിവർ ചേർന്ന് ശുചിത്വ പദവി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
അറക്കുളത്തിന് പുറമേ അയ്യപ്പൻ കോവിൽ, ഉപ്പുതറ, ഇരട്ടയാർ,വണ്ടിപ്പെരിയാർ, രാജകുമാരി,കാമാക്ഷി,സേനാപതി,പാമ്പാടുംപാറ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ശുചിത്വ പദവി പ്രഖ്യാപനം നടന്നു.ഇതോടെ ജില്ലയിലെ ശുചിത്വ പദവി നേടിയ പഞ്ചായത്തുകളുടെയെണ്ണം 39 ആയി. ഇവയ്‌ക്കൊപ്പം കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളും നേരത്തേ ശുചിത്വ പദവി നേടിയിരുന്നു.