chembalam

നെടുങ്കണ്ടം: ഗ്രാമപഞ്ചായത്തിലെ ചേമ്പളം കുടിവെള്ള പദ്ധതിയുടെയും, നിർമ്മാണം പൂർത്തിയാക്കിയ ചേമ്പളംഞാവള്ളി റോഡിന്റെയും ഉദ്ഘാടനം മന്ത്രി എംഎം മണി നിർവഹിച്ചു. ചേമ്പളം കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതോടെ പ്രദേശത്തെ എൺപതോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. മുൻ എംപി ജോയ്‌സ് ജോർജ്ജിന്റെ ഇടപെടലുകളെ തുടർന്ന് എം.പി ഫണ്ടിൽ നിന്ന് 28 ലക്ഷം രൂപ ചെലവിട്ടാണ് കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. ഗതഗതയോഗ്യമല്ലാതായ ചേമ്പളംഞാവള്ളി റോഡിന്റെ നിർമ്മാണം മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിട്ടാണ് പുനർനിർമിച്ചത്.

ചേമ്പളത്ത് ചേർന്ന പൊതുയോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു സഹദേവൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിജയകുമാരി എസ് ബാബു, വനം വികസന കോർപ്പറേഷൻ ഡയറക്ടർ പി.എൻ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അസ്സിസ്റ്റന്റ് എഞ്ചിനീയർ അബ്ദുൾ സമദ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായി.