തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ 'ഗുരുസ്പർശം- 2021" എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് തുടക്കമിടുന്നു. 28ന് രാത്രി 7.30ന് എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മന്മദൻ നയിക്കുന്ന പ്രഭാഷണം ഉണ്ടാകും. മാർച്ച് എട്ടിന് വനിതാ ദിനത്തോടനുബന്ധിച്ച് ശാഖകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 മികച്ച വനിതാ സംഭരകരെ ആദരിക്കും. അതിനാൽ ഓരോ ശാഖയിൽ നിന്നും കൃഷി, വ്യവസായം, കൈതൊഴിൽ എന്നിവയിലൂടെ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ കണ്ടെത്തി അവരുടെ വിവരങ്ങൾ മാർച്ച് ഒന്നിനകം വനിതാ സംഘത്തെ അറിയിക്കണം. പരിപാടികളിൽ ശാഖകളിൽ നിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ ശാഖാ ഭാരവാഹികൾ ശ്രദ്ധിക്കണമെന്ന് യൂണിയൻ കൺവീനർ വി. ജയേഷ് അറിയിച്ചു.