ഇടുക്കി: തേക്കടിയടക്കമുള്ള അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളും മുല്ലപ്പെരിയാർ അണക്കെട്ടും തോട്ടം മേഖലയുമടങ്ങിയ നിയോജകമണ്ഡലമാണ് പീരുമേട്. പീരുമേട് താലൂക്കിലെ ഏലപ്പാറ, കൊക്കയാർ, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാർ എന്നീ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ അയ്യപ്പൻ കോവിൽ, ചക്കുപള്ളം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പീരുമേട് നിയമസഭാമണ്ഡലം. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ പീരുമേട്ടിൽ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ നാല് തവണ മാത്രമാണ് പരാജയമറിഞ്ഞിട്ടുള്ളത്.

2006 മുതൽ ഇ.എസ്. ബിജിമോളാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നാലാം അങ്കത്തിന് ബിജിമോൾ ഉണ്ടാകില്ലെന്ന് പാർട്ടി വ്യക്തമാക്കി കഴിഞ്ഞു. മൂന്ന് തവണ തുടർച്ചയായി മത്സരിച്ചവർ മാറി നിൽക്കട്ടെയെന്ന സി.പി.ഐ നിലപാടാണ് തടസം. കഴിഞ്ഞ തവണ തന്നെ പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിന്റെ അനുമതിയോടെയായിരുന്നു മത്സരിച്ചത്. ബിജിമോൾക്ക് പകരമാര് എന്ന ചോദ്യമാണ് പീരുമേട്ടിൽ ഉയരുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ മിന്നും വിജയം നേടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ജിജി കെ. ഫിലിപ്പിന്റെയും കേരള സ്റ്റേറ്റ് വേയർഹൗസിംഗ് കോർപ്പറേഷൻ ചെയർമാനും പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ വാഴൂർ സോമന്റെയും പേരുകളാണ് ആദ്യഘട്ടത്തിൽ ഉയർന്ന് കേട്ടിരുന്നത്. മറ്റൊരു ജില്ലാ കൗൺസിൽ അംഗമായ ജോസ് ഫിലിപ്പിന്റെ പേരും പരിഗണനയിലാണ്. വനിതാപ്രാധിനിത്യമെന്ന നിലയിൽ ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണി,​ മുൻ അംഗം മോളി ഡൊമിനിക് എന്നിവരുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ പല പേരുകൾ ഉയർന്ന് വന്ന സ്ഥിതിക്ക് പൊതുസമ്മതനെന്ന നിലയ്ക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനാണ് പീരുമേട് സീറ്റിലേക്ക് ഇപ്പോൾ ഏറ്റവും അധികം സാദ്ധ്യയത കൽപ്പിക്കുന്ന വ്യക്തി. പാർട്ടിയിൽ ഭിന്നത ഒഴിവാക്കാൻ കൂടിയാണ് ഇത്തരമൊരു തീരുമാനം. കറകളഞ്ഞ പൊതുജീവിതവും ഇതുവരെ ഒരു ആരോപണം എതിർകക്ഷികൾ പോലും ഉന്നയിച്ചിട്ടില്ലെന്നതും ശിവരാമന്റെ സാദ്ധ്യത കൂട്ടുന്നു. കഴിഞ്ഞ 15 വർഷമായി ജില്ലാ സെക്രട്ടറിയായ ശിവരാമന് ജില്ലയുടെ മുക്കുംമൂലയും സുപരിചിതമാണ്. മണ്ഡലം നിലനിറുത്താൻ ഇതിനേക്കാൾ മികച്ച സ്ഥാനാർത്ഥിയില്ലെന്ന് ഘടകകക്ഷികളും കരുതുന്നു. പാർട്ടിക്കാരുടെ പ്രിയ കെ.കെ.എസ് എതിർപ്പ് അറിയിച്ചാൽ മാത്രമാകും മറ്റുള്ളവരെ പരിഗണിക്കുക. തുടർച്ചയായ നാല് ജില്ലാ സമ്മേളനങ്ങളിലും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശിവരാമന്റെ അവസാന ടേമാകുമിത്. 68 കാരനായ ശിവരാമൻ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. മണ്ഡലംകാരനല്ലെന്നത് മാത്രമാണ് ഈ മുൻ മാദ്ധ്യമപ്രവർത്തകന്റെ വെല്ലുവിളി. ജില്ലാ കൗൺസിൽ നൽകുന്ന മൂന്നംഗ സ്ഥാനാത്ഥി പട്ടികയിൽ നിന്ന് സംസ്ഥാന കൗൺസിലാകും യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കുക.

യു.ഡി.എഫ് പരിഗണിക്കുന്ന സ്ഥാനാർത്ഥികളിൽ കഴിഞ്ഞ തവണ മത്സരിച്ച കോൺഗ്രസിലെ സിറിയക് തോമസിനാണ് മുൻഗണന. 314 വോട്ടുകൾക്കാണ് അന്ന് ബിജിമോളോട് സിറിയക് തോമസ് പരാജയപ്പെട്ടത്. മുൻ എം.എൽ.എ കെ.കെ. തോമസിന്റെ മകൻ കൂടിയായ സിറിയക് തോമസിന്റെ പേര് തന്നെയാണ് സീറ്റ് ചർച്ചയിൽ മുൻപന്തിയിലുള്ളത്. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ. പൗലോസ്,​ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ,​ കെ.പി.സി.സി അംഗം സി.പി. മാത്യു എന്നിവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. എ.ഐ.സി.സിയാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും സ്ഥാനാർത്ഥി നിർണയം.

2016ലെ വോട്ട് നില

ആകെ പോൾ ചെയ്തത്- 128340
ഇ.എസ്. ബിജിമോൾ (സി.പി.ഐ)- 56584
അഡ്വ. സിറിയക് തോമസ് (കോൺ.ഐ)- 56270
കുമാർ (ബി.ജെ.പി)- 11833
സി.അബ്ദുൽ ഖാദർ- എ.ഡി.എം.കെ- 2862
നോട്ട- 803
ഭൂരിപക്ഷം- 314