ചെറുതോണി: വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നെടുത്തിട്ടുള്ള വിവിധ വായ്പകൾ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ നടത്തുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും വായ്പകളുടെ പലിശ എഴുതി തള്ളണമെന്നും കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് സർക്കാരിനോടാവശ്യപ്പെട്ടു.ചെറുതോണി വ്യാപാരഭവൻ ഹാളിൽ നടന്ന പാർട്ടി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ വനാതിർത്തി മേഖലകളിൽ വന്യമൃഗശല്യം മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. കാട്ടാനയും കാട്ടുപന്നിയും മ്ലാവും കുരങ്ങനും കേഴയും അണ്ണാനുമെല്ലാം കൃഷികളും വീടും നശിപ്പിക്കുകയാണ്. ജനങ്ങളെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണം. വന്യമൃഗങ്ങൾ വനങ്ങൾക്കുള്ളിൽ നിലനിൽക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. വന്യമൃഗശല്യംമൂലം നഷ്ടപ്പെടുന്ന കാർഷികവിളകൾക്കുള്ള നഷ്ടപരിഹാരതുക ഉയർത്തണം. പി.ജെജോസഫ് ആവശ്യപ്പെട്ടു. ബഫർസോൺ മേഖല വനങ്ങൾക്കുള്ളിലാക്കണം. ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണം. അദ്ദേഹം അഭ്യർത്ഥിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് പ്രഖ്യാപിച്ച ഇടുക്കിക്കുള്ള 5000 കോടി രൂപയുടെ പാക്കേജ് എവിടെ പോയിയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണം.
പെട്രോൾ, ഡീസൽ, പാചകവാതകവിലവർദ്ധനയിലൂടെ കേന്ദ്രസർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധനവില വർദ്ധനയിലൂടെ സംസ്ഥാന സർക്കാരിനു ലഭിക്കുന്ന നികുതി വേണ്ടായെന്ന് വയ്ക്കാൻ ഇടതുമുന്നണിയും തയ്യാറാകുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ മാത്യ സ്റ്റീഫൻ എക്‌സ് എം.എൽ.എ., അഡ്വ: തോമസ് പെരുമന, സംസ്ഥാന സെക്രട്ടറി നോബിൾ ജോസഫ്, വനിതാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റുമാരായ അഡ്വ: ജോസി ജേക്കബ്, ജോയി കൊച്ചുകരോട്ട്, ബിജു പോൾ, സാബു പരവരാകരത്ത്, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗങ്ങളായ ഫിലിപ്പ് ജി.മലയാറ്റ്, സിനു വാലുമ്മേൽ, എം.ജെ.കുര്യൻ, സാജു പട്ടരുമഠം, സാബു കുര്യൻ, ജില്ലാ ഭാരവാഹികളായ കെ.എ.പരീത്, ബാബു കീച്ചേരി, വിൻസന്റ് വള്ളാടി, ബിനു ജോൺ, കെ.കെ.വിജയൻ, സാജു പൗവ്വത്ത്, യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അഡ്വ: എബി തോമസ്, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷൈനി സജി, സംസ്ഥാന ഭാരവാഹികളായ സി.വി.സുനിത, ഷൈനി റെജി, കെ.റ്റി.യു.സി. ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ, കെ.എസ്.സി. ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.