മുട്ടം: മുന്നറിയിപ്പ് നൽകാതെ കുടിവെള്ള കണക്ഷൻ വിഛേദിച്ച ജല വകുപ്പ് ഉദ്യോഗസ്ഥരെ മുട്ടം തോട്ടുങ്കര നിവാസികൾ തടഞ്ഞു.കുടിശ്ശിക തുക അടയ്ക്കാൻ സാവകാശം വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. മൂന്ന് ആളുകളുടെ കണക്ഷൻ വിശ്ചേദിച്ചു. ഇതേ തുടർന്ന് നാട്ടുകാർ സംഘടിക്കുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോനും മെമ്പർമാരായ ജോസ് കടത്തലകുന്നേലും മേഴ്സി ദേവസ്യായും വിവരം അറിഞ്ഞ് സ്ഥലത്ത് എത്തി. തുടർന്ന് പ്രസിഡന്റ് വാട്ടർ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി ഫോണിൽ സംസാരിച്ച് 15 ദിവസത്തെ സാവവകാശം നൽകാൻ ധാരണയായി. ഏതാനും ആളുകൾ ഇന്നലെ തന്നെ കുടിശ്ശിക അടച്ചതിനെ തുടർന്ന് കണക്ഷൻ പുനസ്ഥാപിച്ചു.