ചെറുതോണി:കാർഷിക, ക്ഷീര , ആരോഗ്യ മേഖലകൾക്ക് പ്രാധാന്യം നൽകി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. 59 കോടി 32 ലക്ഷം രൂപയുടെ വരവും 59 കോടി 12 ലക്ഷം രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.മലയോരമേഖലയിലെ കാർഷിക കുടുംബങ്ങളുടെ ആശ്രയമായ ക്ഷീരമേഖലയിലെ രണ്ട് പ്രൊജക്ടുകളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നത്. വനിതാ ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകുന്നതിനായി 2650000 രൂപയും ക്ഷീരകർഷകർക്ക് ഈ ഇനത്തിൽ 3650000 രൂപയും വകയിരുത്തിയിട്ടുണ്ട്. കിടപ്പുരോഗികൾക്ക്മോട്ടോർ ഘടിപ്പിച്ച വീൽചെയർ നൽകുന്നതിന് 15 ലക്ഷം , രണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഔഷധ ലഭ്യത ഉറപ്പാക്കുന്നതിനുമായി 77 ലക്ഷം ,പി എം എ വൈ പദ്ധതി പ്രകാരം ഭവന നിർമാണത്തിനായി ഒരു കോടിയും അനുവദിച്ചു.
ചെറുതോണിയിൽ ബ്ലോക്ക് പഞ്ചായത്തിന് ലഭ്യമായ രണ്ട് ഏക്കർ സ്ഥലത്ത് ഘടക സ്ഥാപനങ്ങൾക്കുള്ള ഓഫീസ് കോംപ്ലക്‌സും വ്യാപാര സമുച്ചയവും നബാർഡ് സഹായത്തോടെ പണിയും.