തൊടുപുഴ: കൊവിഡ് വ്യാപനം മൂലം വ്യാപാര മേഖല തകർന്നിരിക്കുന്ന അവസരത്തിൽ ചില കെട്ടിട ഉടമകൾ അന്യായമായി വാടക വർദ്ധിപ്പിച്ച് വ്യാപാരികളെ കടക്കെണിയിലേക്ക് തള്ളിവിടുകയാണെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ .ചിലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായി തൊഴിലാളികളെ ഒഴിവാക്കിയും കറന്റ് ഉപയോഗം കുറച്ചും പിടിച്ചു നിൽക്കാൻ പാടുപ്പെടുകയാണ് വ്യാപാരികൾ.ഇതിനോടകം പല വ്യാപാരസ്ഥാപനങ്ങളും അടച്ചുപൂട്ടി.ഇതെല്ലാം അറിയാവുന്ന കെട്ടിടഉടമകൾ ലോക്ക് ഡൗൺ സമയത്ത് രണ്ട് മാസം വാടക ഒഴിവാക്കിയും പിന്നീടുള്ള വാടക മാന്ദ്യം മാറുന്നതുവരെ 50ശതമാനം കുറച്ചും കൊടുത്തിട്ടുള്ളതാണ്.ഇനിയും കുറച്ചു കൊടുക്കാത്ത കെട്ടിട ഉടമകൾ വാടകയിൽ ഇളവ് അനുവദിക്കുകയും വാടക വർദ്ധിപ്പിക്കാതെ സഹായിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വ്യാപാരികളെ കൂടി പരിഗണിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. പൊതുജനങ്ങളുമായി ഏറ്റവും കൂടുതൽ അടുത്ത് ബന്ധപ്പെടുന്ന വിഭാഗം വ്യാപാരികളാണ്. അതുകൊണ്ട് തന്നെ വ്യാപാരികളെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് വ്യാപാരഭവനിൽ കൂടിയ അടിയന്തര സെക്രട്ടറിയേറ്റ് യോഗം മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് .രാജു തരണിയിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റുമാരായ സാലി എസ് മുഹമ്മദ്,. പി അജീവ്, ടോമി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി നാസർ സൈര, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സർഗം,ബെന്നി ഇല്ലിമൂട്ടിൽ, ട്രഷറർ പി.ജി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.